എന്തിന് അമിതാഘോഷം? കോലിക്കെതിരെ പൊള്ളാര്‍ഡിന്‍റെ ഒളിയമ്പ്

By Web TeamFirst Published Dec 19, 2019, 12:34 PM IST
Highlights

കെസ്രിക് വില്യംസിന്‍റെ നോട്ട്‌ബുക്ക് സെലിബ്രേഷനെ ട്രോളിയ കോലിയുടെ ആഘോഷപ്രകടനം വലിയ ചര്‍ച്ചയായിരുന്നു

വിശാഖപട്ടണം: മൈതാനത്തെ ആക്രമണോത്സുക സമീപനങ്ങളുടെ പേരില്‍ പ്രസിദ്ധനാണ് ടീം ഇന്ത്യ നായകന്‍ വിരാട് കോലി. വിന്‍ഡീസിനെതിരായ പരമ്പരയിലും കോലി ഇക്കാര്യത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല. ടി20 പരമ്പരക്കിടെ കെസ്രിക് വില്യംസിന്‍റെ നോട്ട്‌ബുക്ക് സെലിബ്രേഷനെ ട്രോളിയ കോലിയുടെ ആഘോഷപ്രകടനം വലിയ ചര്‍ച്ചയായിരുന്നു. 

വിശാഖപട്ടണത്ത് രണ്ടാം ഏകദിനത്തിനിടെയും കോലിയുടെ അമിതാഘോഷം കാണാനായി. വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് നേരിട്ട ആദ്യ പന്തില്‍ പുറത്തായതാണ് കോലി ആഘോഷിച്ചത്. നേരത്തെ ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ കോലിയും ഗോള്‍ഡണ്‍ ഡക്കായിരുന്നു. കോലിയുടെ ആഘോഷത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍റെ മറുപടി കുറിക്കുകൊള്ളുന്നതായി. 

'എന്തുകൊണ്ടാണ് ഇത്രയേറെ ആഘോഷങ്ങളെന്ന് വിരാട് കോലിയോട് തന്നെ ചോദിക്കണം. അതിന് എനിക്ക് ഉത്തരം നല്‍കാനാവില്ല. എന്താണ് ഉത്തരമെന്ന് കോലിയോട് ചോദിച്ചറിയുക. എനിക്കൊന്നുമറിയില്ല'. 

ചെന്നൈ ഏകദിനത്തില്‍ രവീന്ദ്ര ജഡേജയെ അംപയര്‍ പുറത്താക്കിയ രീതിയിലും കോലി അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. കീമോ പോള്‍ എറിഞ്ഞ 48-ാം ഓവറില്‍ സിംഗിളിന് ശ്രമിക്കുകയായിരുന്നു ജഡേജ. വിന്‍ഡീസ് ഫീല്‍ഡറുടെ ത്രോയില്‍ വിക്കറ്റ് ഇളകിയെങ്കിലും ജഡേജ ക്രീസിലെത്തി എന്നുറപ്പിച്ച് അംപയര്‍ നോട്ടൗട്ട് വിളിച്ചു. വിന്‍ഡീസ് താരങ്ങള്‍ അപ്പീല്‍ ചെയ്തുമില്ല. എന്നാല്‍ ടി വി റിപ്ലേകളില്‍ സംശയം തോന്നിയതോടെ വിന്‍ഡീസ് താരങ്ങള്‍ വൈകി അപ്പീല്‍ ചെയ്തു. ഇതോടെ തീരുമാനം മൂന്നാം അംപയര്‍ക്ക് വിടുകയായിരുന്നു ഫീല്‍ഡ് അംപയര്‍. 

click me!