കുംബ്ലെ വന്നു, കിങ്‌സ് ഇലവന്‍ പഞ്ചാബ് തീരുമാനം മാറ്റി; ആ താരം തുടരും

By Web TeamFirst Published Oct 15, 2019, 1:54 PM IST
Highlights

അടുത്തിടെയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനായ ആര്‍ അശ്വിന്‍ ഡല്‍ഹി കാപിറ്റല്‍സിലേക്ക് മാറുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. ഡല്‍ഹിയുടെ ഉപദേഷ്ടാവായിരുന്ന സൗരവ് ഗാംഗുലി, അശ്വിനെ ക്ലബിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

മുംബൈ: അടുത്തിടെയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനായ ആര്‍ അശ്വിന്‍ ഡല്‍ഹി കാപിറ്റല്‍സിലേക്ക് മാറുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. ഡല്‍ഹിയുടെ ഉപദേഷ്ടാവായിരുന്ന സൗരവ് ഗാംഗുലി, അശ്വിനെ ക്ലബിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് പഞ്ചാബ് അനില്‍ കുംബ്ലെയെ കോച്ചായി നിയമിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തല് കൂടി ഉണ്ടായിരിക്കുന്നു.

വരുന്ന സീസണിലും അശ്വിന്‍ ടീമിന്റെ ക്യാപ്റ്റനായി തുടരുമെന്നാണ് ടീം മാനേജ്‌മെന്റ് പറയുന്നത്. കുംബ്ലെ ക്ലബുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെയാണ് പുതിയ തീരുമാനം. രണ്ട് സീസണില്‍ അശ്വിന്‍ പഞ്ചാബ് ടീമിനെ നയിച്ചെങ്കിലും കിരീടം നേടാനായിരുന്നില്ല. അശ്വിനെ കൈമാറാന്‍ പഞ്ചാബ് ടീം ഉടമ പ്രീതി സിന്റ താത്പര്യപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അശ്വിന് കീഴില്‍ കഴിഞ്ഞ സീസണ്‍ കിംഗ്സ് ഇലവന് നിരാശയാണ് സമ്മാനിച്ചത്. 14 മത്സരങ്ങളില്‍ ആറെണ്ണം മാത്രം ജയിച്ച ടീം പ്ലേ ഓഫ് കാണാതെ പുറത്തായപ്പോള്‍ ആറാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ലറുമായുള്ള മങ്കാദിങ് വിവാദത്തില്‍പ്പെട്ടും കഴിഞ്ഞ സീസണില്‍ അശ്വിന്‍ പുലിവാല്‍പിടിച്ചിരുന്നു.

click me!