
ലഖ്‌നൗ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെ എല്‍ രാഹുലിനെ ടീം ഉടമ സഞ്ജീവ് ഗോയങ്ക പരസ്യമായി ശകാരിച്ചിരുന്നു. ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തിലായിരുന്നു ലഖ്‌നൗ പരാജയപ്പെട്ടത്. പിന്നാലെയാണ് ഗോയങ്ക പരസ്യമായി രോഷം പ്രകടിപ്പിച്ചത്. ടീമിന്റെ മോശം പ്രകടനത്തിലുള്ള അതൃപ്തി സഞ്ജീവ് ഗോയങ്കയുടെ മുഖത്ത് പ്രകടമായിരുന്നു.
എന്തായാലും സംഭവം കടുത്ത വിവാദമായി. തോല്‍വിയുടെ പേരില്‍ രാഹുലിനെ പരസ്യമായി അപമാനിക്കുന്നതിന് പകരം ഡ്രസ്സിംഗ് റൂമില്‍ എത്തുന്നതുവരെയെങ്കിലും സഞ്ജീവിന് കാത്തിരിക്കാമായിരുന്നുവെന്ന് ആരാധകരുടെ പ്രതികരണം. രാഹുല്‍ ഈ സീസണിന് ശേഷം ടീം വിടുന്നതാണ് നല്ലതെന്നും ഇത്തരത്തിലുള്ള അപമാനമൊന്നും സഹിക്കേണ്ട കാര്യമില്ലെന്നും സോഷ്യല്‍ മീഡിയയിലൂടെ ക്രിക്കറ്റ് ആരാധകര്‍ പ്രതികരിച്ചു.
ഇപ്പോള്‍ അങ്ങോട്ടേക്കാണ് കാര്യങ്ങളുടെ പോക്കും. രാഹുലിനെ ടീം നിലനിര്‍ത്തില്ലെന്നാണ് അറിയുന്നത്. വരുന്ന മെഗാ ലേലത്തിന് മുമ്പായി രാഹുലിനെ റിലീസ് ചെയ്‌തേക്കും. മാത്രമല്ല, ഈ സീസണില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ രാഹുല്‍ നയിക്കാനുണ്ടാവില്ലെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഇക്കാര്യത്തെ കുറിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ. ''ഡല്‍ഹി കാപിറ്റല്‍സുമായുള്ള മത്സരത്തിന് ഇനിയും സമയമുണ്ട്. രാഹുല്‍ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. അദ്ദേഹം വിട്ടുനിന്നാല്‍ പോലും മാനേജ്‌മെന്റ് തുടരാന്‍ ആവശ്യപ്പെടില്ല.'' റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഗോയങ്കയുടെ അതൃപ്തി മനസിലാക്കാമെങ്കിലും പരസ്യമായി അത് പ്രകടിപ്പിച്ച രീതി അംഗീകരിക്കാനാവില്ലെന്ന് ആര്‍സിബി മുന്‍ ടീം ഡയറക്ടറായ മൈക്ക് ഹെസണ്‍ പറഞ്ഞു. ഹൈദരാബാദും ലഖ്‌നൗവും തമ്മില്‍ ഗ്രൗണ്ടിലെ പ്രകടനത്തിന്റെ കാര്യത്തില്‍ ആടും ആനയും തമ്മിലുള്ള അന്തരമുണ്ടായിരുന്നുവെന്നും അതിലുള്ള അതൃപ്തിയാകാം ഗോയങ്ക പ്രകടിപ്പിച്ചതെന്നും ഹെസണ്‍ പറഞ്ഞു. എന്നാല്‍ ടീം ഉടമയുടെ വികാരം മനസിലാക്കുന്നുവെങ്കിലും ഇത്തരം ശകാരങ്ങളൊക്കെ ഡ്രസ്സിംഗ് റൂമിനുള്ളില്‍ വെച്ചാവുന്നതായിരുന്നു ഉചിതമെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!