കേരള ക്രിക്കറ്റ് ലീഗില്‍ സഞ്ജു സാംസണ്‍ ഇന്നിറങ്ങും; കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഇന്ന് ആലപ്പി റിപ്പിള്‍സിനെതിരെ

Published : Aug 23, 2025, 01:06 PM IST
KCL

Synopsis

രണ്ടാം മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും ഏറ്റുമുട്ടും.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ സഞ്ജു സാംസണ്‍ ഇന്നിറങ്ങും. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സഞ്ജുവിന്റെ കൊച്ചി ബ്ലൂ ടൈഗേഴ്സ്, ആലപ്പി റിപ്പിള്‍സിനെ നേരിടും. ഉച്ചയ്ക്ക് 2.30നാണ് ആദ്യ മത്സരം. വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും ഏറ്റുമുട്ടും. ആദ്യ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ് ഇറങ്ങുമ്പോള്‍ തോല്‍വിയില്‍ നിന്നുള്ള തിരിച്ചുവരവാണ് ആലപ്പി റിപ്പിള്‍സിന്റെ ലക്ഷ്യം. കെസിഎല്ലില്‍ ഇതുവരെ റിപ്പിള്‍സിന്, ബ്ലൂ ടൈഗേഴ്സിനെ തോല്‍പിക്കാനായിട്ടില്ല.

കഴിഞ്ഞ സീസണില്‍ രണ്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും ബ്ലൂ ടൈഗേഴ്‌സിനായിരുന്നു വിജയം. ഇത്തവണയും മികച്ച ഫോമിലുള്ള ബ്ലൂ ടൈഗേഴ്സിനെ കീഴടക്കുക റിപ്പിള്‍സിന് എളുപ്പമാവില്ല. ട്രിവാണ്‍ഡ്രം റോയല്‍സിന് എതിരെയുള്ള മത്സരത്തില്‍ കളിയുടെ സമസ്ത മേഖലകളിലും തിളങ്ങിയ ബ്ലൂ ടൈഗേഴ്‌സിനെയാണ് കണ്ടത്. മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ അനായാസ വിജയമായിരുന്നു ബ്ലൂ ടൈഗേഴ്‌സിന്റേത്. മറുവശത്ത് ബാറ്റിങ് - ബൌളിങ് നിരകള്‍ക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ച വയ്ക്കാനാകാതെ പോയതാണ് ടൈറ്റന്‍സിനെതിരെ, ആലപ്പി റിപ്പിള്‍സിന് തിരിച്ചടിയായത്.

മുഹമ്മദ് അസറുദ്ദീന്‍, അക്ഷയ് ചന്ദ്രന്‍, ജലജ് സക്സേന എന്നിവര്‍ അടങ്ങുന്ന ബാറ്റിങ് നിരയും ബേസില്‍ എന്‍ പി, ആദിത്യ ബൈജുവും അടങ്ങുന്ന ബൌളിങ് നിരയും ഫോമിലേക്കുയര്‍ന്നാല്‍ റിപ്പിള്‍സിനെ പിടിച്ചുകെട്ടുക ബ്ലൂ ടൈഗേഴ്‌സിന് വെല്ലുവിളിയാകും.

ഗ്ലോബ്‌സ്റ്റാര്‍സ് ടൈറ്റന്‍സിനെതിരെ

രണ്ടാം മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ എതിരാളി ടൈറ്റന്‍സാണ്. ആദ്യ മത്സരത്തില്‍ വിജയത്തിന് തൊട്ടരികെ വച്ചാണ് ഗ്ലോബ്‌സ്റ്റാര്‍സ് മത്സരം കൈവിട്ടത്. ബൗളിങ് നിര മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരാത്തതാണ് ആദ്യ മത്സരത്തില്‍ ടീമിന് തിരിച്ചടിയായത്. മുന്‍നിര ബാറ്റര്‍മാരില്‍ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന് മാത്രമാണ് മികച്ച സ്‌കോര്‍ കണ്ടെത്താനായത്. എന്നാല്‍ സല്‍മാന്‍ നിസാറും സച്ചിന്‍ സുരേഷും അജിനാസും അന്‍ഫലുമടങ്ങുന്ന ബാറ്റിങ് നിര ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ.

മറുവശത്ത് ഉജ്ജ്വല വിജയവുമായാണ് ടൈറ്റന്‍സ് രണ്ടാം സീസണ് തുടക്കമിട്ടിരിക്കുന്നത്. ബാറ്റര്‍മാരുടെ കരുത്തില്‍ അനായാസമായിരുന്നു ആലപ്പി റിപ്പിള്‍സിനെതിരെ ടൈറ്റന്‍സിന്റെ വിജയം. ബാറ്റര്‍മാര്‍ക്ക് ഫോം നിലനിര്‍ത്താനായാല്‍ കെസിഎല്ലില്‍ ആദ്യമായി ഗ്ലോബ്‌സ്റ്റാര്‍സിനെതിരെ വിജയം നേടാനാവുമെന്നാണ് അവരുടെ പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ രണ്ട് മത്സരങ്ങളിലും ഗ്ലോബ്‌സ്റ്റാര്‍സിനായിരുന്നു വിജയം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബുമ്രയെയും അ‍ർഷ്ദീപിനെയും തൂക്കിയടിച്ച് ഡി കോക്ക്, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം
'കൈവിട്ട പരീക്ഷണങ്ങള്‍ ഒരു നാള്‍ തിരിച്ചടിക്കും', ഗംഭീറിനും സൂര്യകുമാറിനും മുന്നറിയിപ്പുമായി റോബിന്‍ ഉത്തപ്പ