
തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം യൂണിവേഴ്‌സല്‍ ബോസിനെ സാക്ഷിയാക്കി അര്‍ദ്ധസെഞ്ച്വറി നേടി കൊച്ചി ബ്ലൂടൈഗേഴ്‌സ് താരം മനു കൃഷ്ണന്‍. കെസിഎല്ലില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തിലാണ് മനു ഫിഫ്റ്റി കരസ്ഥമാക്കിയത്. 34 പന്തിലാണ് ഈ സീസണിലെ തന്റെ ആദ്യ ഫിഫ്റ്റി താരം സ്വന്തമാക്കുന്നത്. മൂന്ന് തവണ സിക്‌സര്‍ പായിച്ച താരം നാല് തവണ പന്ത് ബൗണ്ടറിയും കടത്തി.
ശരത് പ്രസാദിന്റെ പന്തില്‍ വിനൂപ് മനോഹരന്‍ പുറത്തായപ്പോഴാണ് മനു ക്രീസിലെത്തിയത്.രണ്ട് വിക്കറ്റിന് 48 റണ്‍സെന്ന നിലയിലായിരുന്ന കൊച്ചിയുടെ സ്‌കോര് 150 കടത്തിയത് മനുവിന്റെ ഇന്നിങ്‌സായിരുന്നു. തുടക്കത്തില്‍ വിക്കറ്റ് കളയാതെ പക്വതയോടെ ബാറ്റുവീശിയ താരം, പിന്നീട് തൃശൂര്‍ ക്യാപ്റ്റന്‍ അഖില്‍ എം.എസിനെതിരേ ബൗണ്ടറി പായിച്ച് ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റി. അഖിലിന്റെയും ഇനാന്റെയും ഓവറുകളില്‍ പന്ത് അതിര്‍ത്തി കടത്തിയ മനു, അഖിലിന്റെ തന്നെ ഓവറിലാണ് തന്റെ ആദ്യ സിക്‌സറും പറത്തിയത്. 34-ാം പന്തില്‍ ഫിഫ്റ്റി തികച്ച താരം തൊട്ടടുത്ത പന്തില്‍ പവലിയനിലേക്ക് മടങ്ങി.
സച്ചിന്‍ സുരേഷ്- മനുകൃഷ്ണന്‍ സഖ്യത്തിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കൊച്ചിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 41 പന്തില്‍ 90 റണ്‍സാണ് അടിച്ചുകൂട്ടിയത്. തൃശൂര്‍ ബൗളര്‍മാരെ കടന്നാക്രമിച്ച സച്ചിന്‍ 23 പന്തില്‍ നാല് സിക്‌സറുകളുടെയും മൂന്ന് ഫോറുകളുടെയും അകമ്പടിയോടെ 46 റണ്‍സെടുത്ത് മികച്ച പിന്തുണ നല്‍കി. ഇരുവരുടെയും തകര്‍പ്പന്‍ പ്രകടനമാണ് കൊച്ചിയുടെ സ്‌കോര്‍ 171 ല്‍ എത്തിച്ചത്. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശികളായ കെജി ഉണ്ണികൃഷ്ണന്‍- ഇന്ദു ഉണ്ണികൃഷ്ണന്‍ ദമ്പതികളുടെ മകനാണ് മനു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!