
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം. ഒറ്റജയമില്ലാതെ തപ്പിത്തടയുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഗുജറാത്ത് ടൈറ്റന്‍സിന്റെ തട്ടകത്തില്‍. തുടര്‍ വിജയങ്ങളുമായി ആത്മ വിശ്വാസത്തിലാണ് ശുഭ്മാന്‍ ഗില്ലിന്റെ ടൈറ്റന്‍സ്. അഞ്ച് കളിയില്‍ നാലിലും തോറ്റ കൊല്‍ക്കത്തയ്ക്ക് ഉള്ളത് മഴകനിഞ്ഞ് നല്‍കിയ ഒറ്റപോയിന്റ്. സര്‍വത്ര പ്രതിസസന്ധിയാണ് കൊല്‍ക്കത്ത ക്യാന്പില്‍.
ബാറ്റര്‍മാരില്‍ ആംക്രിഷ് രഘുവംശി ഒഴികെ ഉള്ളവരെല്ലാം തീര്‍ത്തും നിരാശപ്പെടുത്തുന്നു. നായകന്‍ അജിങ്ക്യ രഹാനെയുടെ പൊസിഷന്‍ ഉറപ്പിക്കാനാവുന്നില്ല. ഫിന്‍ അലന്‍, കാമറൂണ്‍ ഗ്രീന്‍, റിങ്കു സിംഗ് എന്നിവരുടെ മങ്ങിയഫോം പ്രതിസന്ധിയുടെ ആഴംകൂട്ടുന്നു. ബൗളിംഗ് നിരയുടെ അവസ്ഥയും വ്യത്യസ്തമല്ല. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരൈന്‍ സ്പിന്‍ ജോഡി മൂര്‍ച്ച വീണ്ടെടുത്താലേ രക്ഷയുള്ളു. ഭേദപ്പെട്ട് പന്തെറിയുന്നത് കാര്‍ത്തിക് ത്യാഗിമാത്രം. ഓപ്പണര്‍മാരായ നായകന്‍ ശുഭ്മന്‍ ഗില്ലുന്നും സായ് സുദര്‍ശനും ഒപ്പം ജോസ് ബട്‌ലര്‍ കൂടി റണ്ണടിക്കാന്‍ തുടങ്ങിയതോടെ ഗുജറാത്തിന് ആശ്വാസം.
ഹാട്രിക് ജയം ലക്ഷ്യമിടുന്ന ടൈറ്റന്‍സിന് റാഷിദ് ഖാന്റെയും പ്രസിദ്ധ് കൃഷ്ണയുടേയും പന്തുകളിലും പ്രതീക്ഷയേറെ. പേസര്‍മാരെ തുണയ്ക്കുന്ന അഹമ്മദാബാദിലെ വിക്കറ്റില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് ജയസാധ്യത കൂടുതല്‍. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം...
ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്സ്, ഷാരൂഖ് ഖാന്‍, രാഹുല്‍ ടെവാട്ടിയ, റാഷിദ് ഖാന്‍, കാഗിസോ റബാഡ, മാനവ് സുതര്‍ / അശോക് ശര്‍മ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), സുനില്‍ നരെയ്ന്‍, ടിം സെയ്ഫര്‍ട്ട്, അംഗ്കൃഷ് രഘുവംഷി (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, റിങ്കു സിംഗ്, റോവ്മാന്‍ പവല്‍, രമണ്‍ദീപ് സിംഗ്, അനുകുല്‍ റോയ്, വൈഭവ് അറോറ, കാര്‍ത്തിക് ത്യാഗി, വരുണ്‍ ചക്രവര്‍ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!