അദാനി റോയല്‍സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് നാളെ കോവളത്ത്

Published : Aug 02, 2025, 07:54 PM IST
Adani Cricket Tournament

Synopsis

അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ അദാനി റോയല്‍സ് കപ്പ് ഏകദിന ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ കോവളത്ത്. 

തിരുവനന്തപുരം: അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ അദാനി റോയല്‍സ് കപ്പ് ഏകദിന ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് 3-ന് കോവളം വാഴമുട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടക്കും. തീരദേശ മേഖലയിലെ, പ്രത്യേകിച്ച് വിഴിഞ്ഞം ഭാഗത്തെ ക്രിക്കറ്റ് പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ത്തിയെടുക്കുന്നതിനുമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

'തീരദേശ മേഖലയില്‍ ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ട്, അതിനാല്‍ തന്നെ യുവാക്കള്‍ക്ക് സാധാരണ വൈറ്റ് ബോള്‍,റെഡ് ബോള്‍ ക്രിക്കറ്റില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ല. എന്നാല്‍ ഈ പ്രദേശങ്ങളില്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റിന് വലിയ പ്രചാരമുണ്ട്. അതിനാലാണ് ഞങ്ങള്‍ ടെന്നീസ് ബോള്‍ ടൂര്‍ണമെന്റുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. താഴെത്തട്ടിലുള്ള ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.'- ടീം ഡയറക്ടര്‍ റിയാസ് ആദം പറഞ്ഞു.

ആദ്യഘട്ടത്തില്‍ വിഴിഞ്ഞം, പൂവാര്‍, ശംഖുമുഖം എന്നിവിടങ്ങളില്‍ നിന്നുള്ള താമസക്കാര്‍ക്ക് മാത്രമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അവസരം. തുടര്‍ന്നുള്ള ടൂര്‍ണമെന്റുകളില്‍ മറ്റു മേഖലകളെയും ഉള്‍പ്പെടുത്തും. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ 16 ടീമുകളാണ് പങ്കെടുക്കുന്നത്. എം വിന്‍സന്റ് എംഎല്‍എ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ വിഴിഞ്ഞം ഗുഡ് ലേഡി ഓഫ് വോയേജ് പള്ളി വികാരി റവ. ഫാദര്‍ ഡോ. നിക്കോളാസ് പങ്കെടുക്കും.

വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിക്കും. ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാന്‍,മികച്ച ബൗളര്‍,ഏറ്റവും മൂല്യമുള്ള താരം എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കും. ഇതിനുപുറമെ, ഓരോ മത്സരത്തിലെയും മികച്ച കളിക്കാരന് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും സമ്മാനിക്കും. വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനും ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മത്സരം സൗജന്യമായി കാണാനുള്ള വിഐപി പാസുകളും നല്‍കും.

മത്സരം കാണാനെത്തുന്ന കാണികള്‍ക്ക് അദാനി റോയല്‍സ് ക്യാപ്പുകള്‍ സൗജന്യമായി നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. പ്രമുഖ ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനും ജോസ് തോമസ് പട്ടാറയും നേതൃത്വം നല്‍കുന്ന പ്രോ-വിഷന്‍ സ്പോര്‍ട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള കണ്‍സോര്‍ഷ്യമാണ് ട്രിവാന്‍ഡ്രം റോയല്‍സിന്റെ ഉടമകള്‍. ഡോ. ശശി തരൂര്‍ എംപിയാണ് ടീമിന്റെ മുഖ്യ രക്ഷാധികാരി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍