കാരണമൊന്നും പറയാതെ ബറോഡയുടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ക്രുനാല്‍ പാണ്ഡ്യ

By Web TeamFirst Published Nov 27, 2021, 8:50 PM IST
Highlights

രാജിവെച്ചുകൊണ്ടുള്ള ഇ-മെയില്‍ സന്ദേശത്തില്‍ കാരണങ്ങളൊന്നും ക്രുനാല്‍ പറ‍ഞ്ഞിട്ടില്ലെന്നും ക്യാപ്റ്റനെന്ന നിലയില്‍ തുടരില്ലെന്നും കളിക്കാരനെന്ന നിലയില്‍ തുടര്‍ന്നും കളിക്കുമെന്നും മാത്രമാണ് വ്യക്തമാക്കിയിരിക്കുന്നതെന്നും ലെലെ പറഞ്ഞു.

ബറോഡ: ഐപിഎല്ലില്‍(IPL) മുംബൈ ഇന്ത്യന്‍സ്(Mumbai Indians) താരമായ ക്രുനാല്‍ പാണ്ഡ്യ(Krunal Pandya) ബറോഡ ക്രിക്കറ്റ് ടീമിന്‍റെ(Baroda Cricket Team) ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു. കാരണങ്ങളൊന്നു വ്യക്തമാക്കാതെയാണ് ക്രുനാലിന്‍റെ രാജിയെന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അജിത് ലെലെ  പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചെങ്കിലും കളിക്കാരനെന്ന നിലയില്‍ ബറോഡക്കായി തുടര്‍ന്നും കളിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്‍റിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ക്രുനാല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ലെലെ പറഞ്ഞു.

രാജിവെച്ചുകൊണ്ടുള്ള ഇ-മെയില്‍ സന്ദേശത്തില്‍ കാരണങ്ങളൊന്നും ക്രുനാല്‍ പറ‍ഞ്ഞിട്ടില്ലെന്നും ക്യാപ്റ്റനെന്ന നിലയില്‍ തുടരില്ലെന്നും കളിക്കാരനെന്ന നിലയില്‍ തുടര്‍ന്നും കളിക്കുമെന്നും മാത്രമാണ് വ്യക്തമാക്കിയിരിക്കുന്നതെന്നും ലെലെ പറഞ്ഞു.

ക്രുനാല്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതോടെ അടുത്ത മാസം ഏട്ടു മുതല്‍ ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ ബറോഡക്ക് പുതിയ നായകനെ കണ്ടെത്തേണ്ടിവരും.ഈ വര്‍ഷമാദ്യം നടന്ന മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റിനിടെ ബറോഡ താരമായിരുന്ന ദീപക് ഹൂഡയും ക്രുനാലുമായുണ്ടായ തര്‍ക്കങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

ക്രുനാല്‍ സഹതാരങ്ങളുടെയും എതിര്‍ താരങ്ങളുടെയും മുന്നില്‍ വെച്ച് തന്നെ പരസ്യമായി അസഭ്യം പറഞ്ഞെന്നും ബറോഡ ടീമില്‍ കളിപ്പിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് ദീപക് ഹൂഡ ബറോഡ ക്രിക്കറ്റ് അസോസിയേഷന് പരാതി നല്‍കുകയും ടൂര്‍ണമെന്റിനിടെ ടീം ഹോട്ടല്‍ വിടുകയും ചെയ്തിരുന്നു.

click me!