
ബാര്‍ബഡോസ്: ടി20 ലോകകപ്പിൽ ഇന്ത്യ ഏഴ് റണ്‍സ് ജയവുമായി ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ചാമ്പ്യന്‍മാരായപ്പോള്‍ സമ്മാനദാനച്ചടങ്ങില്‍ കിരീടം ഏറ്റുവാങ്ങനെത്തിയ ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ സ്പെഷ്യല്‍ നടത്തവും ശ്രദ്ധേയമായിരുന്നു. 2022ലെ ഫുട്ബോള്‍ ലോകകപ്പില്‍ അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി കിരീടം ഏറ്റുവാങ്ങിയശേഷം നടന്ന രീതിയോട് സാമ്യമുള്ളതെങ്കിലും സത്യത്തില്‍ രോഹിത് അനുകരിച്ചത് റസ്‌ലിംഗ് താരം റിക് ഫ്ലെയറിന്‍റെ നടത്തമായിരുന്നു. അത് രോഹിത്തിനെ പഠിപ്പിച്ചതാകട്ടെ കിരീടം സമ്മാനിക്കുന്നതിന് തൊട്ടു മുമ്പ് കുല്‍ദീപ് യാദവും.
വിജയികള്‍ക്കുള്ള മെഡല്‍ദാനച്ചടങ്ങില്‍ പോഡിയത്തിലേക്ക് കയറുമ്പോഴാണ് കിരീടം ഏറ്റുവാങ്ങാനെത്തുമ്പോള്‍ എങ്ങനെ നടക്കണമെന്ന് കുല്‍ദീപ് തൊട്ടു പിന്നില്‍ നില്‍ക്കുന്ന രോഹിത്തിനോട് പറഞ്ഞത്. പറയുക മാത്രമല്ല, കുല്‍ദീപ് നടത്തം അനുകരിച്ച് കാണിച്ചു കൊടുക്കുകയും ചെയ്തു. അതൊന്നും വേണ്ടെന്ന അര്‍ത്ഥത്തില്‍ രോഹിത് തലയാട്ടിയെങ്കിലും ഒടുവില്‍ ക്യാപ്റ്റന്‍ ടീം അംഗങ്ങളുടെ ആഗ്രഹം സാധിച്ചുകൊടുത്തു.
റസ്‌ലിംഗിലെ ഇതിഹാസ താരങ്ങളായ ബഡ്ഡി റോജേഴ്സും ജാക്കി ഫാര്‍ഗോയുമാണ് റിക്ക് ഫ്ലെയര്‍ നടത്തത്തെ പ്രശസ്തമാക്കിയവര്‍. പിന്നീട് ജെഫ് ജാരെറ്റ്, ബഡ്ഡി ലാന്‍ഡെല്‍ അടക്കമുള്ള നിരവധി റസ്‌ലിംഗ് താരങ്ങള്‍ ഇത് അനുകരിച്ചിട്ടുമുണ്ട്. ഇന്നലെ ലോകകപ്പ് ഏറ്റു വാങ്ങാനായി റിക്ക് ഫ്ലെയര്‍ നടത്തവുമായിവരുന്ന രോഹിത്തിനെ ടീം അംഗങ്ങള്‍ കൗതുകപൂര്‍വം നോക്കി നില്‍ക്കുന്ന കാഴ്ച ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഖത്തര്‍ ലോകകപ്പില്‍ കിരീടം കൈയില്‍ ഏറ്റുവാങ്ങിയശേഷമായിരുന്നു മെസി സമാനമായി നടന്ന് കിരീടം ഉയര്‍ത്തിയതെങ്കില്‍ രോഹിത് കിരീടം ഏറ്റുവാങ്ങനെത്തിയത് തന്നെ റിക്ക് ഫ്ലെയര്‍ നടത്തത്തിലൂടെയായിരുന്നുവെന്ന് മാത്രം.
ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെ അര്‍ധസെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യയുടെ രണ്ടാമത്തെ ടി20 ലോകകപ്പ് കിരീട നേട്ടമാണിത്. 2007ല്‍ എം എസ് ധോണിയുടെ നായകത്വത്തിലാണ് ഇന്ത്യ ആദ്യമായി ടി20 ലോകകപ്പ് കിരീടം നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!