വിരമിക്കല്‍ എപ്പോള്‍; സമയം പ്രഖ്യാപിച്ച് ലസിത് മലിംഗ

By Web TeamFirst Published Mar 23, 2019, 11:50 AM IST
Highlights

 'ടി20 ലോകകപ്പ് തനിക്ക് കളിക്കേണ്ടതുണ്ട്, അതിന് ശേഷം അന്താരാഷ്ട്ര കരിയറിന് വിരാമമിടണം'- വാര്‍ത്താ ഏജന്‍സിസായ എ എഫ് പിയോട് മലിംഗ. 

കൊളംബോ: അടുത്ത ടി20 ലോകകപ്പിന്(2020) ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ശ്രീലങ്കന്‍ നായകന്‍ ലസിത് മലിംഗ. 'ടി20 ലോകകപ്പ് തനിക്ക് കളിക്കേണ്ടതുണ്ട്, അതിന് ശേഷം അന്താരാഷ്ട്ര കരിയറിന് വിരാമമിടണം'- വാര്‍ത്താ ഏജന്‍സിസായ എ എഫ് പിയോട് മലിംഗ വ്യക്തമാക്കി. ഓസ്‌ട്രേലിയയില്‍ അടുത്ത വര്‍ഷം ഒക്‌ടോബര്‍- നവംബര്‍ മാസങ്ങളിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. 

അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ രണ്ടാമത്തെ ബൗളറാണ് ലസിത് മലിംഗ. 98 വിക്കറ്റ് നേടിയിട്ടുള്ള പാക്കിസ്ഥാന്‍ സ്‌പിന്നര്‍ ഷാഹിദ് അഫ്രിദിക്ക് ഒരു വിക്കറ്റ് മാത്രം പിന്നിലാണ് ലങ്കന്‍ പേസര്‍.  ടി20യില്‍ 31 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതാണ് മലിംഗയുടെ മികച്ച ബൗളിംഗ് പ്രകടനം. 

ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ താരമായ മലിംഗ ഈ സീസണിലെ ആദ്യ മത്സരങ്ങളില്‍ കളിക്കില്ല. ശ്രീലങ്കയിലെ ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റായ സൂപ്പര്‍ പ്രൊവിന്‍ഷ്യല്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നതിനാലാണ് മലിംഗയ്ക്ക് മത്സരങ്ങള്‍ നഷ്ടമാകുന്നത്. മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമില്‍ ഇടം നേടുന്നതിനായാണ് മലിംഗ ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. 

ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിന് ശേഷം ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്നും സ്റ്റാര്‍ പേസര്‍ പറഞ്ഞു. 2004ലായിരുന്നു മലിംഗയുടെ ഏകദിന അരങ്ങേറ്റം. ലോകകപ്പില്‍ രണ്ട് ഹാട്രിക് നേടിയ ആദ്യ താരമാണ്. തുടര്‍ച്ചയായ നാല് പന്തുകളില്‍ വിക്കറ്റ് വീഴ്‌ത്തിയ ആദ്യ താരം കൂടിയാണ്. 
 

click me!