Latest Videos

കൂട്ടത്തകര്‍ച്ചയില്‍ ലഖ്നൗവിന്‍റെ രക്ഷകനായി ആയുഷ് ബദോനി;ഡല്‍ഹിക്ക് 168 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published Apr 12, 2024, 9:35 PM IST
Highlights

കഴിഞ്ഞ പതിമൂന്ന് മത്സരങ്ങളിലും ഏക്നാ സ്റ്റേഡിയത്തില്‍ 160 റണ്‍സിന് മുകളിലുള്ള വിജയലക്ഷ്യങ്ങള്‍ ലഖ്നൗ ഫലപ്രദമായി പ്രതിരോധിച്ചിട്ടുണ്ട് എന്നതിനാല്‍ സൂപ്പര്‍ ജയന്‍റ്സിനെ മറികടക്കുക ഡല്‍ഹിക്ക് വലിയ വെല്ലുവിളിയാകും.

ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 168 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും ആയുഷ് ബദോനിയുടെ അര്‍ധസെഞ്ചുറി മികവില്‍ ലഖ്നൗ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ പതിമൂന്നാം ഓവറില്‍ 94-7ലേക്ക് കൂപ്പുകുത്തിയശേഷമാണ് ലഖ്നൗ ബദോനിയുടെ അര്‍ധസെഞ്ചുറിയിലൂടെ തിരിച്ചുവന്നത്.

കഴിഞ്ഞ പതിമൂന്ന് മത്സരങ്ങളിലും ഏക്നാ സ്റ്റേഡിയത്തില്‍ 160 റണ്‍സിന് മുകളിലുള്ള വിജയലക്ഷ്യങ്ങള്‍ ലഖ്നൗ ഫലപ്രദമായി പ്രതിരോധിച്ചിട്ടുണ്ട് എന്നതിനാല്‍ സൂപ്പര്‍ ജയന്‍റ്സിനെ മറികടക്കുക ഡല്‍ഹിക്ക് വലിയ വെല്ലുവിളിയാകും. ഏഴാമനായി ഇറങ്ങി 35 പന്തില്‍ 55 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ബദോനിയാണ് ലഖ്നൗവിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ 39 റണ്‍സെടുത്തപ്പോള്‍ ക്വിന്‍റണ്‍ ഡി കോക്ക് 19 റണ്‍സെടുത്തു.

തകര്‍ച്ച പിന്നെ അവിശ്വസനീയ തിരിച്ചുവരവ്

സ്പിന്‍ പിച്ചില്‍ തുടക്കത്തിലെ റണ്‍സടിച്ചു കേറ്റാനായിലുന്നു ലഖ്നൗവിന്‍റെ ശ്രമം. ക്വിന്‍റണ്‍ ഡി കോക്കും കെ എല്‍ രാഹുലും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 2.5 ഓവറില്‍ 28 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 19 റണ്‍സെടുത്ത ഡി കോക്കിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ഖലീല്‍ അഹമ്മദാണ് ഡല്‍ഹിക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ദേവ്ദത്ത് പടിക്കലിനെയും(3) ഖലീല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ പന്തില്‍ തന്നെ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട മാര്‍ക്കസ് സ്റ്റോയ്നിസിനെ(8) കുല്‍ദീപ് വീഴ്ത്തി.

ഡിആര്‍എസ് എടുക്കണോ എന്ന് റിഷഭ് പന്ത് ഫീല്‍ഡറോട് വെറുതെ ചോദിച്ചു, അമ്പയര്‍ കേറിയങ്ങ് ഡിആര്‍എസ് കൊടുത്തു

പിന്നാലെ അതേ ഓവറില്‍ നിക്കോളാസ് പുരാനെയും(0) കുല്‍ദീപ് മടക്കിയതോടെ ലഖ്നൗ ഞെട്ടി. പൊരുതി നിന്ന ക്യാപ്റ്റന്‍ കെ എല്‍ രാഹുലും(22 പന്തില്‍ 39) കുല്‍ദീപിന് മുന്നില്‍ വീണു. ഇതോടെ 77-5ലേക്ക് വീണ ലഖ്നൗവിനെ ദീപക് ഹൂഡയും ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും ഹൂഡയെ(10) ഇഷാന്തും ക്രുനാലിനെ(3) മുകേഷ് കുമാറും മടക്കിയതോടെ ലഖ്നൗ 94-7ലേക്ക് വീണു.

Kuldeep Yadav bamboozled Pooran. ⭐pic.twitter.com/xverP8ciZk

— Mufaddal Vohra (@mufaddal_vohra)

പിന്നീടായിരുന്നു കളി തിരിച്ച കൂട്ടുകെട്ട്. ആയുഷ് ബദോനിയും(35 പന്തില്‍ 55*) അര്‍ഷദ് ഖാനും(16 പന്തില്‍ 20*) ചേര്‍ന്ന് 45 പന്തില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ലഖ്നൗവിനെ ജയിക്കാവുന്ന സ്കോറിലെത്തിച്ചു. അഞ്ച് ഫോറും ഒരു സിക്സും അടങ്ങുന്നതാണ് ബദോനിയുടെ ഇന്നിംഗ്സ്. ഡല്‍ഹിക്കായി കുല്‍ദീപ് യാദവ് നാലോവറില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഖലീല്‍ അഹമ്മദ് 41 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!