ഗാരി സോബേഴ്സിനൊപ്പം ചരിത്രത്തില്‍ ഇടം നേടിയ മാല്‍ക്കം നാഷ് അന്തരിച്ചു

By Web TeamFirst Published Jul 31, 2019, 10:48 PM IST
Highlights

ഒടുവില്‍ ചരിത്രം ബാക്കിയാക്കി മാല്‍ക്കം നാഷ്(74) ജീവിതത്തില്‍ നിന്ന് വിടവാങ്ങി. അസുഖത്തെത്തുടര്‍ന്ന് ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ഗാരി സോബേഴ്സിനെ അറിയാത്ത ക്രിക്കറ്റ് ആരാധകര്‍ ഉണ്ടാവില്ല. എന്നാല്‍ സോബേഴ്സിന്റെ പ്രതിഭകൊണ്ട് ചരിത്രത്തില്‍ ഇടം നേടിയ മാല്‍ക്കം നാഷിനെ അധികമാരും അറിയില്ല. ക്രിക്കറ്റിന്റെ കണക്കുപുസ്തകങ്ങള്‍ മറിച്ചുനോക്കിയാല്‍ സോബേഴ്സിന്റെ പേരിനൊപ്പം നാഷിന്റെ പേരു കാണും. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ആറ് പന്തില്‍ ആറ് സിക്സര്‍ വഴങ്ങിയ ആദ്യ ബൗളറെന്ന പേരില്‍.

ഒടുവില്‍ ചരിത്രം ബാക്കിയാക്കി മാല്‍ക്കം നാഷ്(74) ജീവിതത്തില്‍ നിന്ന് വിടവാങ്ങി. അസുഖത്തെത്തുടര്‍ന്ന് ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗ്ലാമോര്‍ഗന്റെ ഇതിഹാസ താരങ്ങളിലൊരാളായ നാഷ് 1966 മുതല്‍ 1983വരെ നീണ്ട 17 വര്‍ഷത്തെ ഫസ്റ്റ് ക്ലാസ് കരിയറില്‍ 993 വിക്കറ്റുകളും 7129 റണ്‍സും നേടി.

1968ല്‍ നടന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ നോട്ടിംഗ്ഹാംഷെയറിനെതിരായ മത്സരത്തിലായിരുന്നു നാഷിനെ സോബേഴ്സ് ആറു പന്തില്‍ ആറ് സിക്സറടിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആദ്യമായിട്ടായിരുന്നു ഒരു ബാറ്റ്സ്മാന്‍ ആറു പന്തില്‍ ആറും സിക്സറടിക്കുന്നത്. നാഷിന്റെ ആദ്യ അഞ്ച് പന്തും സോബേഴ്സ് ബൗണ്ടറിക്ക് മുകളിലൂടെ പറത്തിയപ്പോള്‍ ആറാം പന്ത് ബൗണ്ടറിയില്‍ നിന്ന ഫീല്‍ഡറുടെ കൈയില്‍ തട്ടി സിക്സറായി.

click me!