റണ്‍വേട്ടയില്‍ കോലിയെയും സ്മിത്തിനെയും പിന്നിലാക്കി ഓസീസ് താരം

By Web TeamFirst Published Nov 29, 2019, 8:55 PM IST
Highlights

പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലും സെഞ്ചുറിയുമായി പുറത്താകാതെ നില്‍ക്കുന്ന ലാബുഷാഗ്നെ ഒമ്പത് കളികളില്‍ 793 റണ്‍സുമായി ടെസ്റ്റ് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത് എത്തി

അഡ്‌ലെയ്ഡ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വിരാട് കോലി രണ്ടാമതും സ്റ്റീവ് സ്മിത്ത് ഒന്നാമതുമാണ്. എന്നാല്‍ ഇത് റാങ്കിംഗിലെ മാത്രം കാര്യം. ഈ വര്‍ഷത്തെ ടെസ്റ്റ് റണ്‍വേട്ടയില്‍ കോലിയെയും സ്മിത്തിനെയും കടത്തിവെട്ടിയിരിക്കുകയാണ് ഓസീസ് താരം മാര്‍നസ് ലാബുഷാഗ്നെ.

പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലും സെഞ്ചുറിയുമായി പുറത്താകാതെ നില്‍ക്കുന്ന ലാബുഷാഗ്നെ ഒമ്പത് കളികളില്‍ 793 റണ്‍സുമായി ടെസ്റ്റ് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ആറ് ടെസ്റ്റില്‍ 778 റണ്‍സുള്ള സ്മിത്ത് രണ്ടാം സ്ഥാനത്താണ്. ആദ്യ ടെസ്റ്റില്‍ കുറഞ്ഞ സ്കോറില്‍ പുറത്തായതാണ് സ്മിത്തിന് തിരിച്ചടിയായത്. രണ്ടാം ടെസ്റ്റില്‍ വീണ്ടും ഒന്നാം സ്താനം തിരിച്ചുപിടിക്കാന്‍ സ്മിത്തിന് അവസരമുണ്ട്.

ഇന്ത്യയുടെ മായങ്ക് അഗര്‍വാളാണ് എട്ട് ടെസ്റ്റില്‍ നിന്ന് 754 റണ്‍സുമായി മൂന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് 746 റണ്‍സുമായി നാലാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ അജിങ്ക്യാ രഹാനെ 642 റണ്‍സുമായി അഞ്ചാം സ്ഥാനത്താണ്. റാങ്കിംഗില്‍ സ്മിത്തിന് തൊട്ടുപിന്നിലെത്തിയെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് റണ്‍വേട്ടയില്‍ ആദ്യ അഞ്ചില്‍പോലും എത്താനായില്ല. 612 റണ്‍സുമായി കോലി ഈ വര്‍ഷത്തെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.

click me!