
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ (IREvNZ) ആദ്യ ഏകദിനത്തില്‍ ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയവുമായി ന്യൂസിലന്‍ഡ്. ആതിഥേയര്‍ ഉയര്‍ത്തിയ വിജയലക്ഷ്യം അവസാന ഓവിലെ അഞ്ചാം പന്തില്‍ ന്യൂസിലന്‍ഡ് മറികടന്നു. 82 പന്തില്‍ 127 റണ്‍സുമായി പുറത്താവാതെ നിന്ന മൈക്കല്‍ ബ്രേസ്‌വെല്ലാണ് (Michael Bracewell) കിവീസിനെ വിജയത്തിലേക്ക് നയിച്ചത്.
അവസാന ഓവറില്‍ 20 റണ്‍സാണ് കിവീസിന് വേണ്ടിയിരുന്നത്. എന്നാല്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 24 റണ്‍സ് ബ്രേസ്‌വെല്‍ അടിച്ചെടുത്തു. ബ്ലെയര്‍ ടിക്‌നര്‍ എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ രണ്ട് പന്തിലും ബ്രേസ്‌വെല്‍ ഫോര്‍ നേടി. മൂന്നാം പന്തില്‍ സിക്‌സ്. നാലാം പന്തില്‍ വീണ്ടും ഫോര്‍. പിന്നീട് അവസാന രണ്ട് പന്തില്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍ മാത്രം. അഞ്ചാം പന്തും സിക്‌സിലേക്ക് പായിച്ച് ബ്രേസ്‌വെല്‍ വിജയമാഘോഷിച്ചു. 10 ഫോറും ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു ബ്രേസ്‌വെല്ലിന്റെ ഇന്നിംഗ്‌സ്.
ബ്രേസ്‌വെല്ലിന് പുറമെ 43 റണ്‍സെടുത്ത 51 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഗ്ലെന്‍ ഫിലിപ് (38) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇഷ് സോധി (25) വാലറ്റത്ത് നിര്‍ണായക സംഭാവന നല്‍കി. കേര്‍ടിസ് ക്യാംഫര്‍ അയര്‍ലന്‍ഡിനായി മൂന്ന് വിക്കറ്റ് നേടി. മാര്‍ക്ക് അഡെയ്ര്‍ക്ക് രണ്ട് വിക്കറ്റുണ്ട്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡിന് 113 റണ്‍സ് നേടിയ ഹാരി ടെക്റ്ററുടെ ഇന്നിംഗ്‌സാണ് തുണയായത്. കാംഫര്‍ (43), ആന്‍ഡി മാക്‌ബ്രൈന്‍ (39), സിമി സിംഗ് (30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.