
മുംബൈ: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാനിരിക്കുന്ന ഇന്ത്യക്ക് തന്ത്രപരമായ മാറ്റം നിര്‍ദ്ദേശിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സ്‌പെഷ്യലിസ്റ്റ് റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നാണ് വോണിന്റെ അഭിപ്രായം. ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്കെതിരെ കുല്‍ദീപിനുള്ള മികച്ച ട്രാക്ക് റെക്കോര്‍ഡാണ് വോണ്‍ ചൂണ്ടിക്കാട്ടുന്നത്.
അദ്ദേഹം പറയുന്നതിങ്ങനെ... ''എല്ലാ ഫോര്‍മാറ്റിലും ഇംഗ്ലണ്ടിനെ വട്ടംകറക്കിയ ചരിത്രമാണ് കുല്‍ദീപിനുള്ളത്. ഇംഗ്ലീഷ് താരങ്ങള്‍ക്ക് ഇപ്പോഴും അദ്ദേഹത്തിന്റെ പന്തുകള്‍ കൃത്യമായി മനസിലാക്കാന്‍ സാധിക്കാറില്ല. തിലക് വര്‍മ്മയോ ശിവം ദുബെയോ ടീമില്‍ വേണമോ എന്ന് ഇന്ത്യ ചിന്തിക്കണം. മധ്യനിരയിലെ അധിക ബാറ്റിംഗ് ഓപ്ഷനേക്കാള്‍ ഇംഗ്ലണ്ടിനെതിരെ ഗുണം ചെയ്യുക കുല്‍ദീപിനെപ്പോലൊരു വിക്കറ്റ് ടേക്കറായിരിക്കും. ടൂര്‍ണമെന്റില്‍ കുല്‍ദീപ് അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ലെങ്കിലും, ഈ പ്രത്യേക മത്സരത്തില്‍ അദ്ദേഹം ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും.'' വോണ്‍ പറഞ്ഞു.
ടി20 ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനമാണ് കുല്‍ദീപിന്റേത്. 12 ഓവറുകളില്‍ നിന്ന് എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള അദ്ദേഹം വെറും 6.41 എന്ന മികച്ച ഇക്കോണമി റേറ്റിലാണ് പന്തെറിഞ്ഞത്. വലങ്കയ്യന്‍ ബാറ്റര്‍മാര്‍ കൂടുതലുള്ള ഇംഗ്ലീഷ് നിരയെ കുഴപ്പിക്കാന്‍ കുല്‍ദീപിന്റെ സ്പിന്‍ വൈവിധ്യങ്ങള്‍ക്ക് സാധിക്കും. ടൂര്‍ണമെന്റില്‍ ഇതുവരെ വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവരടങ്ങുന്ന സ്പിന്‍ സഖ്യത്തിലാണ് ഇന്ത്യ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. ജസ്പ്രിത് ബുംറയും അര്‍ഷ്ദീപ് സിംഗും നയിക്കുന്ന പേസ് നിരയ്ക്ക് ഇവര്‍ മികച്ച പിന്തുണ നല്‍കുന്നുണ്ട്.
എന്നാല്‍, ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ബാറ്റിംഗ് ആഴം വര്‍ദ്ധിപ്പിക്കാനാണ് ഇന്ത്യ പൊതുവെ ശ്രമിക്കാറുള്ളത്. അതിനാല്‍ തന്നെ സെമി ഫൈനല്‍ പോലുള്ള നിര്‍ണ്ണായക മത്സരത്തില്‍ കുല്‍ദീപിനെ ഉള്‍പ്പെടുത്തി ടീം ബാലന്‍സില്‍ മാറ്റം വരുത്തുമോ എന്ന് കണ്ടറിയണം. പാകിസ്ഥാനെതിരെ കളിച്ച ഏക മത്സരത്തില്‍ 14 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തി കുല്‍ദീപ് തന്റെ മികവ് തെളിയിച്ചിരുന്നു. ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യ, സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ വോണിന്റെ നിര്‍ദ്ദേശം പരിഗണിക്കുമോ അതോ നിലവിലെ വിജയസമവാക്യവുമായി മുന്നോട്ട് പോകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!