
ലണ്ടന്‍: കുറഞ്ഞ ഓവര്‍ നിരക്കിന് പിഴത്തുക നല്‍കുന്നത് കൊണ്ട് കാര്യമില്ലെന്നും ഉയര്‍ന്ന പെനാല്‍റ്റി റണ്‍സ് നല്‍കുന്നതാണ് ഗുണം ചെയ്യൂവെന്നും ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഇന്ത്യ, ഓസ്ട്രേലിയ ടീമുകള്‍ നിരവധി ഓവറുകള്‍ പാഴാക്കുകയും ഇരു ടീമിനും കനത്ത പിഴ ലഭിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് വോണിന്‍റെ ഈ നിര്‍ദേശം. പെനാല്‍റ്റി റണ്‍സ് വിധിക്കാതെ സ്ലോ ഓവര്‍ റേറ്റ് ഇല്ലാണ്ടാക്കാന്‍ കഴിയില്ല എന്ന് വോണ്‍ പറയുന്നു.
ഓവല്‍ വേദിയായ ഫൈനലില്‍ ഇന്ത്യയും ഓസീസും ചേര്‍ന്ന് 44 ഓവറുകളുടെ സമയമാണ് നഷ്‌ടപ്പെടുത്തിയത്. ഇതോടെ ഇരു ടീമിനും മാച്ച് റഫറി പിഴ വിധിച്ചിരുന്നു. ഇരു ടീമുകളും ഓവറുകള്‍ പാഴാക്കിയതിനെ ചോദ്യം ചെയ്‌ത് നിരവധി ക്രിക്കറ്റ് വിദഗ്‌ധര്‍ രംഗത്തെത്തിയിരുന്നു. ഏറെക്കാലമായി ഐസിസി കുറഞ്ഞ ഓവര്‍ നിരക്കിന് ടീമുകളിലും താരങ്ങളിലും നിന്ന് പിഴ ഈടാക്കുന്നുണ്ടെങ്കിലും ഇതൊന്നും പ്രായോഗികമല്ല എന്നാണ് മൈക്കല്‍ വോണിന്‍റെ പക്ഷം. പിഴ ഫലമുണ്ടാക്കുന്നില്ല. നഷ്‌ടപ്പെടുന്ന ഓരോ ഓവറിനും 20 റണ്‍സ് വീതം ബാറ്റിംഗ് ടീമിന് മത്സരദിനത്തിന് ശേഷം അനുവദിക്കുകയാണ് വേണ്ടത് എന്നുമാണ് വോണിന്‍റെ ട്വീറ്റ്. ഓവലിലെ ഫൈനലിലെ മോശം റണ്‍റേറ്റിന് ഇന്ത്യന്‍ ടീമിന് മാച്ച് ഫീയുടെ 100 ശതമാനം പിഴ ലഭിച്ചിരുന്നു. ഓസീസ് മാച്ച് ഫീയുടെ 80 ശതമാനം തുക പിഴയായി നല്‍കേണ്ടിയും വന്നു. നിശ്ചിത സമയത്തില്‍ ബൗളിംഗ് തീര്‍ക്കാനായില്ലെങ്കില്‍ ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തുകയാണ് ഐസിസി ചട്ടം.
ഓവര്‍ നിരക്കിലെ പ്രശ്‌നം മാത്രമല്ല, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് 209 റണ്‍സിന്‍റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയതും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടിയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് മുന്നോട്ടുവെച്ച 444 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ രോഹിത് ശര്‍മ്മയും സംഘവും അഞ്ചാം ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ 234 റണ്‍സില്‍ പുറത്തായി. അഞ്ചാം ദിനം 70 റണ്‍സിനിടെയാണ് ഇന്ത്യ ഏഴ് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത്. രണ്ടാം ഇന്നിംഗ്‌സില്‍ ടീം ഇന്ത്യയുടെ വീണ പത്തില്‍ മിക്ക വിക്കറ്റുകളും അലക്ഷ്യ ഷോട്ടുകളിലായിരുന്നു. വിരാട് കോലിയും രോഹിത് ശര്‍മ്മയും ചേതേശ്വര്‍ പൂജാരയും എല്ലാം അമിതാവേശം കൊണ്ട് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞു. സ്കോര്‍: ഓസ്‌ട്രേലിയ- 469 & 270/8 d, ഇന്ത്യ- 296 & 234 (63.3).
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!