മിസബാ ഉള്‍ ഹഖ് പാക് പരിശീലകനായേക്കും

By Web TeamFirst Published Aug 10, 2019, 6:04 PM IST
Highlights

ആര്‍തറെ ഒഴിവാക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് പുതിയ പരിശീലകനായുള്ള ക്രിക്കറ്റ് ബോര്‍ഡിന്റെ അന്വേഷണം മിസബയില്‍ എത്തിനില്‍ക്കുന്നത്.

കറാച്ചി: മുന്‍ നായകന്‍ മിസബാ ഉള്‍ ഹഖ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ട്.  ലോകകപ്പില്‍ സെമി കാണാതെ പുറത്തായതിനെത്തുടര്‍ന്ന് നിലവിലെ പരിശീലകന്‍ മിക്കി ആര്‍തറുടെ കാലാവധി പുതുക്കേണ്ടെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. പരിശീലക സ്ഥാനത്ത് രണ്ടുവര്‍ഷം കൂടി തുടരാന്‍ ആര്‍തര്‍ക്ക് താല്‍പര്യമുണ്ടായിരുന്നു.

ആര്‍തറെ ഒഴിവാക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് പുതിയ പരിശീലകനായുള്ള ക്രിക്കറ്റ് ബോര്‍ഡിന്റെ അന്വേഷണം മിസബയില്‍ എത്തിനില്‍ക്കുന്നത്. പരിശീലകനെന്ന നിലയില്‍ പരിചയസമ്പത്തൊന്നുമില്ലെങ്കിലും ചിന്തിക്കുന്ന ക്യാപ്റ്റനെന്ന നിലയില്‍ കളിക്കാര്‍ക്കിടയില്‍ മതിപ്പു നേടിയ മിസബ പരിശീലകനാവുന്നതിനോട് കളിക്കാര്‍ക്കും എതിര്‍പ്പുണ്ടാകില്ലെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് കരുതുന്നത്. ഇപ്പോഴത്തെ ടീമിലെ ഭൂരിഭാഗം കളിക്കാരും മിസബക്കൊപ്പം കളിച്ചവരുമാണ്.

2017ലാണ് മിസബ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പാക്കിസ്ഥാനായി 75 ടെസ്റ്റിലും 162 ഏകദിനത്തിലും 29 ടി20യിലും മിസബ കളിച്ചിട്ടുണ്ട്. 56 ടെസ്റ്റില്‍ പാക്കിസ്ഥാനെ നയിച്ച മിസബ 26 ജയം സ്വന്തമാക്കുകയും ചെയ്തു. മിസബക്ക് പുറമെ മുന്‍ ന്യൂസിലന്‍ഡ് പരിശീലകനായ മൈക് ഹെസ്സന്റെ പേരും പരിശീലക സ്ഥാനത്തേക്ക് പാക് ബോര്‍ഡ് പരിഗണിക്കുന്നുണ്ട്. ശ്രീലങ്കക്കെതിരായ പരമ്പരക്ക് മുമ്പ് പുതിയ പരിശീലകനെ പാക് ബോര്‍ഡ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

click me!