അഫ്ഗാനെതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് മുന്നറിയിപ്പുമായി ഓസീസ് നായകന്‍ മിച്ചൽ മാർഷ്

Published : Jun 23, 2024, 01:38 PM ISTUpdated : Jun 23, 2024, 01:40 PM IST
അഫ്ഗാനെതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് മുന്നറിയിപ്പുമായി ഓസീസ് നായകന്‍ മിച്ചൽ മാർഷ്

Synopsis

ഇന്ത്യക്കെതിരെ ജയിച്ചാല്‍ മാത്രമെ മുന്നേറാനാവു. ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഞങ്ങളെക്കാള്‍ മികച്ച മറ്റൊരു ടീമില്ല.

ആന്‍റ്വഗ്വ: ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനോട് തോറ്റതോടെ നാളെ ഇന്ത്യക്കെതിരായ അവസാന സൂപ്പര്‍ 8 പോരാട്ടം ഓസ്ട്രേലിയക്ക് ജീവന്‍ മരണപ്പോരാട്ടമാണ്. അഫ്ഗാനെതിരായ അപ്രതീക്ഷിത തോല്‍വി ഓസ്ട്രേലിയയുടെ സെമി സാധ്യതകള്‍ക്ക് കൂടിയാണ് ഇരുട്ടടിയായത്. നാളെ നടക്കുന്ന ഇന്ത്യക്കെതിരായ മത്സരത്തില്‍ മികച്ച വിജയം നേടിയാലെ ഇനി ഓസീസിന് സെമിയിലെത്താനാവു. നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാന്‍ ഓസീസിന് ഏറെ പിന്നിലാണെങ്കിലും ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തില്‍ അവര്‍ വമ്പന്‍ ജയം നേടിയാല്‍ ഇന്ത്യക്കെതിരെ ജയിച്ചാലും ഓസീസിന് സെമി ഉറപ്പിക്കാനുമാവില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യക്കെതിരെ നാളെ നടക്കുന്ന അവസാന മത്സരത്തില്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ഓസ്ട്രേലിയ പുറത്തെടുക്കുമെന്ന് ഓസീസ് നായകന്‍ മിച്ചല്‍ മാര്‍ഷ് പറഞ്ഞു.

അഫ്ഗാന്‍ എല്ലാ മേഖലയിലും ഓസീസിനെ നിഷ്പ്രഭമാക്കിയെന്നും മാര്‍ഷ് പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ അവര്‍ ഞങ്ങളെ നിഷ്പ്രഭമാക്കി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ‌ഞങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ 20 റണ്‍സെങ്കിലും അധികം നേടി. ഈ ഗ്രൗണ്ടില്‍ ആദ്യം ബാറ്റ് ചെയ്തവരാണ് ജയിച്ചതെന്ന കണക്കുകളൊന്നും ഞങ്ങള്‍ക്ക് പ്രശ്നമായിരുന്നില്ല. അതുകൊണ്ടാണ് ടോസ് നേടിയിട്ടും ഞങ്ങള്‍ ബൗളിംഗ് തെരഞ്ഞെടുത്തത്. ലോകകപ്പില്‍ ഒട്ടേറെ മത്സരങ്ങളില്‍ ടീമുകള്‍ പിച്ചുകളെക്കുറിച്ച് ധാരണ ലഭിക്കാനായി ആദ്യം ഫീല്‍ഡ് ചെയ്യുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തപ്പോഴെ ഞങ്ങള്‍ തോറ്റുവെന്ന് പറയാനാവില്ല. ടീമിനെ സംബന്ധിച്ചിടത്തോളം ഒരു മോശം ദിവസം മാത്രമായിരുന്നു ഇത്.

ടി20 ലോകകപ്പ്: ഗ്രൂപ്പ് ഒന്നിൽ സെമി ഉറപ്പിച്ചവർ ആരുമില്ല; ഇംഗ്ലണ്ടിനും വിന്‍ഡീസിനും ഇനി മരണക്കളി

അടുത്ത മത്സരത്തില്‍ ഇന്ത്യയാണ് എതിരാളികള്‍ എന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമാണ്. ഇന്ത്യക്കെതിരെ ജയിച്ചാല്‍ മാത്രമെ മുന്നേറാനാവു. ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഞങ്ങളെക്കാള്‍ മികച്ച മറ്റൊരു ടീമില്ല. ഇന്നത്തെ മത്സരത്തില്‍ ഞങ്ങളെ തോല്‍പ്പിച്ച അഫ്ഗാന് വിജയത്തിന്‍റെ എല്ലാ ക്രെഡിറ്റും നല്‍കുന്നുവെന്നും മിച്ചല്‍ മാര്‍ഷ് പറഞ്ഞു. ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ ആറാം കിരീടം നേടിയിത്. ഇതിന് പ്രതികാരം വീട്ടാന്‍ ഇന്ത്യക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണ് നാളെ.

അഫ്ഗാനെതിരെ നിര്‍ണായക ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഈ ഗ്രൗണ്ടില്‍ മുമ്പ് നടന്ന അഞ്ച് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്തവരാണ് ജയിച്ചതെങ്കിലും അഫ്ഗാനെതിരെ ഓസീസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സടിച്ചപ്പോള്‍ ഓസ്ട്രേലിയ 19.2 ഓവറില്‍ 127 റണ്‍സിന് ഓള്‍ ഔട്ടായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര