ഇന്ത്യക്കെതിരായ പരമ്പര: ബംഗ്ലാദേശിന് തിരിച്ചടിയായി താരത്തിന്‍റെ പരിക്ക്

By Web TeamFirst Published Oct 21, 2019, 10:58 AM IST
Highlights

പരിക്ക് ഭേദമാകാത്തതിനാല്‍ വിദഗ്ധ പരിശോധനക്കായി ലണ്ടനിലേക്ക് താരത്തെ അയക്കുന്നത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നുണ്ട്

ധാക്ക: ഇന്ത്യക്കെതിരായ ടി20 പരമ്പര ബംഗ്ലാദേശ് പേസ് ഓള്‍റൗണ്ടര്‍ മുഹമ്മദ് സൈഫുദ്ദീന് നഷ്ടമാകാന്‍ സാധ്യത. നട്ടെല്ലിനേറ്റ പരിക്കില്‍ നിന്ന് താരത്തിന് ഇതുവരെ പൂര്‍ണ മോചനം ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. 

പരമ്പരയ്‌ക്കുള്ള 15 അംഗ ടീമില്‍ മുഹമ്മദ് സൈഫുദ്ദീനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ സ്‌കാന്‍ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് താരത്തിന് പകരക്കാരനെ തെരയുകയാണ്. 'ഇന്ത്യക്കെതിരെ സൈഫുദ്ദീന് കളിക്കാനാകുമെന്ന് തോന്നുന്നില്ല. ടീം ഫിസിയോ ജൂലിയനുമായി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും' ബംഗ്ലാദേശ് ചീഫ് സെലക്‌ടര്‍ മിന്‍ഹാജുള്‍ ആബിദിന്‍ വ്യക്തമാക്കി. 

ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലും സൈഫുദ്ദീനെ പരിക്ക് അലട്ടിയിരുന്നു. ലോകകപ്പിന് ശേഷം ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കി. അഫ്‌ഗാനിസ്ഥാനും സിംബാബ്‌വെയും പങ്കെടുത്ത ത്രിരാഷ്‌ട്ര ടി20 പരമ്പരയ്‌ക്കുള്ള ടീമിലും താരത്തെ ഉള്‍പ്പെടുത്തിയിരുന്നു. പരിക്ക് ഭേദമാകാത്തതിനാല്‍ വിദഗ്ധ പരിശോധനക്കായി ലണ്ടനിലേക്ക് താരത്തെ അയക്കുന്നത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നുണ്ട്.

click me!