'ഞാനിത് മുൻപേ പറഞ്ഞതാണ്...', ആഞ്ഞടിച്ച് മുഹമ്മദ് ഷമി; അജിത് അഗാർക്കർക്ക് മറുപടി; ഓസീസിനെതിരായ ഏകദിന ടീമിൽ ഇടം നൽകാത്തതിൽ പ്രതികരണം

Published : Oct 15, 2025, 03:01 AM IST
Mohammed Shami and Ajit Agarkar

Synopsis

ഓസ്‌ട്രേലിയൻ ഏകദിന പരമ്പരയിൽ നിന്ന് ഫിറ്റ്നസിൻ്റെ പേരിൽ ഒഴിവാക്കിയതിനെതിരെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. തനിക്ക് ഫിറ്റ്നസ് പ്രശ്നമുണ്ടെങ്കിൽ എങ്ങനെ രഞ്ജി ട്രോഫി കളിക്കാനാകുമെന്ന് അദ്ദേഹം സെലക്ടർമാരോട് ചോദിച്ചു. 

കൊൽക്കത്ത: ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ഓസീസ് ഏകദിന മത്സര പരമ്പരയിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഫിറ്റ്നെസിൻ്റെ പേരിൽ തന്നെ ഒഴിവാക്കിയ സെലക്ടർമാരോട് പിന്നെ താനെങ്ങനെ രഞ്ജി ട്രോഫിയിൽ പശ്ചിമ ബംഗാളിന് വേണ്ടി കളിക്കാനെത്തിയെന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹത്തിൻ്റെ മറുപടി. "ഞാൻ ഇത് മുൻപേ പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷൻ എന്റെ കൈകളിലല്ല. ഫിറ്റ്നസ് പ്രശ്നമുണ്ടെങ്കിൽ, ഞാൻ ഇവിടെ പശ്ചിമ ബംഗാളിനു വേണ്ടി കളിക്കില്ല,' - അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡിനെതിരായ രഞ്ജി ട്രോഫി ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ഈഡൻ ഗാർഡൻസിൽ ബംഗാളിന്റെ പരിശീലന സെഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുഹമ്മദ് ഷമി. 2023 ലെ ഐസിസി ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ 35 കാരനായ ഷമിയെ ഓസീസിനെതിരായ ഇന്ത്യയുടെ ഏകദിന ടീമിൽ നിന്ന് ഫിറ്റ്നെസിൻ്റെ പേരിലാണ് ഒഴിവാക്കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ദുബായിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിലായിരുന്നു ഷമി അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ഇന്ത്യ ജയിച്ച ടൂർണമെൻ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ എന്ന ബഹുമതി വരുൺ ചക്രവർത്തിക്കൊപ്പം പങ്കിട്ട ഷമി, ഒമ്പത് വിക്കറ്റാണ് ടൂർണമെൻ്റിലാകെ നേടിയത്.

'ഇതിനെക്കുറിച്ച് പറഞ്ഞ് വിവാദമുണ്ടാക്കേണ്ട ആവശ്യമില്ല. എനിക്ക് നാല് ദിവസത്തെ മത്സരങ്ങൾ (രഞ്ജി ട്രോഫി) കളിക്കാൻ കഴിയുമെങ്കിൽ, 50 ഓവർ മത്സരവും കളിക്കാൻ കഴിയും. എന്റെ ഫിറ്റ്‌നസിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ നൽകേണ്ടത് എൻ്റെ ജോലിയല്ല. എൻ‌സി‌എയിൽ (സെന്റർ ഓഫ് എക്‌സലൻസ്) പോയി മത്സരങ്ങൾക്കായി തയ്യാറാവുകയാണ് എൻ്റെ ജോലി. ഫിറ്റ്നെസിനെ കുറിച്ച് ഒരു അപ്‌ഡേറ്റ് നൽകുകയോ ഒരു അപ്‌ഡേറ്റ് ആവശ്യപ്പെടുകയോ ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമല്ല' - ഷമി പറഞ്ഞു.

ഓസീസ് ടീമിനെ പ്രഖ്യാപിച്ച ശേഷം ഷമിയുടെ ഫിറ്റ്നെസിനെ കുറിച്ച് അപ്ഡേറ്റുകൾ ഇല്ലെന്നാണ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ പ്രതികരിച്ചത്. 229 ടെസ്റ്റ് വിക്കറ്റുകളും 206 ഏകദിന വിക്കറ്റുകളും നേടിയിട്ടുള്ള ഷമി, 2023-ൽ ലോർഡ്‌സിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല. ഏറെക്കാലം പരിക്കേറ്റ് ടീമിന് പുറത്തായിരുന്ന ഷമിക്ക് പിന്നീട് ഇന്ത്യൻ ടീമിൽ സ്ഥിരമായി സ്ഥാനം ലഭിച്ചിരുന്നില്ല.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം