Latest Videos

ഏകദിന റാങ്കിംഗ്: ഒന്നാം സ്ഥാനം നഷ്‌‌ടമായി മുഹമ്മദ് സിറാജ്, തലപ്പത്ത് പുതിയ താരം

By Web TeamFirst Published Mar 22, 2023, 4:23 PM IST
Highlights

മുംബൈ ഏകദിനത്തില്‍ മാച്ച് വിന്നിംഗ് സ്‌പെല്ലുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി അഞ്ച് സ്ഥാനങ്ങളുയര്‍ന്ന് 28ലെത്തി

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ബൗളര്‍മാരില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന് ഒന്നാം സ്ഥാനം നഷ്‌ടമായി. പുതുക്കിയ റാങ്കിംഗില്‍ സിറാജ് മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, സിറാജിനൊപ്പം മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. വിശാഖപട്ടണം ഏകദിനത്തില്‍ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. ഓസീസിന്‍റെ തന്നെ ജോഷ് ഹേസല്‍വുഡാണ് തലപ്പത്ത്. ന്യൂസിലന്‍ഡിന്‍റെ ട്രെന്‍ഡ് ബോള്‍ട്ട് രണ്ടാമത് നില്‍ക്കുന്നു. ആദ്യ പത്തില്‍ സിറാജിനെ കൂടാതെ മറ്റ് ഇന്ത്യക്കാര്‍ ആരുമില്ല. 

ഓസ്ട്രേലിയക്ക് എതിരെ മുംബൈയിലെ ആദ്യ ഏകദിനത്തില്‍ 29 റണ്‍സിന് മൂന്ന് വിക്കറ്റുമായി മുഹമ്മദ് സിറാജ് തിളങ്ങിയെങ്കിലും വിശാഖപട്ടണത്തെ രണ്ടാം ഏകദിനത്തില്‍ മൂന്ന് ഓവറില്‍ 37 റണ്‍സ് വഴങ്ങിയതും വിക്കറ്റൊന്നും നേടാഞ്ഞതും താരത്തിന് തിരിച്ചടിയാവുകയായിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് സിറാജ് ഏകദിനത്തിലെ ഒന്നാം നമ്പര്‍ ബൗളറായത്. സിറാജ് നിരാശപ്പെടുത്തിയതോടെയാണ് ഇന്ത്യക്കെതിരായ പരമ്പരയില്‍ കളിക്കാതിരുന്നിട്ടും ഹേസല്‍വുഡ് തലപ്പത്ത് എത്തിയത്. ഏകദിനത്തില്‍ ആദ്യമായാണ് ജോഷ് ഹേസല്‍വുഡ് ഒന്നാം റാങ്കില്‍ എത്തുന്നത്. ഇതിന് മുമ്പ് 2017 ജൂണില്‍ രണ്ടാമത് എത്തിയതായിരുന്നു താരത്തിന്‍റെ മികച്ച നേട്ടം.  

മുംബൈ ഏകദിനത്തില്‍ മാച്ച് വിന്നിംഗ് സ്‌പെല്ലുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി അഞ്ച് സ്ഥാനങ്ങളുയര്‍ന്ന് 28ലെത്തി. അതേസമയം ബാറ്റര്‍മാരില്‍ പാക് നായകന്‍ ബാബര്‍ അസം ഒന്നും ദക്ഷിണാഫ്രിക്കയുടെ റാസ്സീ വാന്‍ ഡര്‍ ഡസ്സന്‍ രണ്ടും സ്ഥാനങ്ങളില്‍ തുടരുന്നു. ഇന്ത്യന്‍ യുവതാരം ശുഭ്‌മാന്‍ ഗില്‍ അഞ്ചാമത് എത്തിയത് ശ്രദ്ധേയമാണ്. വിരാട് കോലി ഏഴാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ രോഹിത് ശര്‍മ്മ ഒരു സ്ഥാനം ഉയര്‍ന്ന് ഒന്‍പതിലെത്തി. ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍ തന്നെയാണ് തലപ്പത്ത്. 

ടെസ്റ്റ് റാങ്കിംഗ്: കുതിച്ച് വില്യംസണ്‍, കിതച്ച് രോഹിത് ശര്‍മ്മ, സ്റ്റീവ് സ്‌മിത്തിനും തിരിച്ചടി

click me!