മുഹമ്മദ് സിറാജിന്റെ പുതിയമുഖം! ലോകകപ്പ് അടുത്തിരിക്കെ ടീം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന പ്രകടനം

By Web TeamFirst Published Jan 21, 2023, 10:02 AM IST
Highlights

അവസാന പത്ത് കളിയില്‍ മൂന്ന് ഫോര്‍മാറ്റിലും കൂടി നേടിയത് 29 വിക്കറ്റ്. ശ്രീലയ്‌ക്കെതിരെ മൂന്ന് ഏകദിനത്തില്‍ നേടിയത് ഒന്‍പത് വിക്കറ്റ്. ഇതില്‍ കാര്യവട്ടത്തെ നാല് വിക്കറ്റ് നേട്ടവുമുണ്ട്. സ്വന്തംനാട്ടുകാര്‍ക്ക് മുന്നില്‍ ന്യുസീലന്‍ഡിനെതിരെ പന്തെറിഞ്ഞപ്പോഴും സിറാജ് നിരാശപ്പെടുത്തിയില്ല.

റായ്പൂര്‍: ഇന്ത്യന്‍ പേസ് ബൗളിംഗിന്റെ പുതിയ മുഖമാവുകയാണ് മുഹമ്മദ് സിറാജ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്ന സിറാജ് ടീമിന് മുതല്‍ക്കൂട്ടാണെന്ന് നായകന്‍ രോഹിത് ശര്‍മയും പറയുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ ശരാശരി പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലെത്തിയ താരമല്ല ഇപ്പോള്‍ മുഹമ്മദ് സിറാജ്. പവര്‍പ്ലേയിലും മധ്യഓവറുകളിലും ഒരുപോലെ വിക്കറ്റ് വീഴ്ത്താന്‍ ശേഷിയുള്ള ഇന്ത്യയുടെ വിശ്വസ്ത പേസര്‍.

അവസാന പത്ത് കളിയില്‍ മൂന്ന് ഫോര്‍മാറ്റിലും കൂടി നേടിയത് 29 വിക്കറ്റ്. ശ്രീലയ്‌ക്കെതിരെ മൂന്ന് ഏകദിനത്തില്‍ നേടിയത് ഒന്‍പത് വിക്കറ്റ്. ഇതില്‍ കാര്യവട്ടത്തെ നാല് വിക്കറ്റ് നേട്ടവുമുണ്ട്. സ്വന്തംനാട്ടുകാര്‍ക്ക് മുന്നില്‍ ന്യുസീലന്‍ഡിനെതിരെ പന്തെറിഞ്ഞപ്പോഴും സിറാജ് നിരാശപ്പെടുത്തിയില്ല. 46 റണ്‍സിന് നാല് വിക്കറ്റ്. ലോകകപ്പ് വര്‍ഷത്തില്‍ സിറാജിന്റെ ബൗളിംഗ് മികവ് ഇന്ത്യക്ക് ആശ്വാസവും പ്രതീക്ഷയുമാണ്. രണ്ടുവര്‍ഷത്തിനിടെ ലൈനിലും ലെംഗ്തിലും കൃത്യത കണ്ടെത്തിയ സിറാജ് ഏറെമുന്നോട്ട് പോയെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പറയുന്നു.

അടുത്തിടെ മുന്‍ ഇന്ത്യന്‍ താരം വസിം ജാഫറും സിറാജിന്റെ തിരിച്ചുവരവിനെ പ്രകീര്‍ത്തിച്ചിരുന്നു.  നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സിറാജ് ഒരുപാട് പുരോഗതി കൈവരിച്ചുവെന്നാണ് ജാഫര്‍ പറഞ്ഞത്. ജാഫറിന്റെ വാക്കുകള്‍... ''മുഹമ്മദ് സിറാജ് ടെസ്റ്റില്‍ എത്രത്തോളം മികച്ചവനാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. ചുവന്ന പന്തില്‍ അദ്ദേഹത്തിന്റെ പ്രകടനം നമ്മള്‍ കാണുന്നതാണ്. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹം നടത്തിയ പുരോഗതി കയ്യടിക്കപ്പെടേണ്ടതാണ്. കഴിഞ്ഞ വര്‍ഷത്തിനിടെ അമ്പരപ്പിക്കുന്ന മാറ്റമാണ് അദ്ദേഹം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നടത്തിയത്. സിറാജ് പന്തെറിയുമ്പോള്‍ ജസ്പ്രിത് ബുമ്രയുടെ അഭാവം അറിയുന്നത് പോലുമില്ല. ബുമ്ര ഇല്ലാതിരിക്കുമ്പോള്‍ സിറാജ് ഫലം കൊണ്ടുവരുന്നുണ്ടെന്ന് അറിയാനും കഴിയുന്നുണ്ട്. ബാറ്റര്‍ക്കെതിരെ കാണിക്കുന്ന ആക്രമണോത്സുകതയാണ് എടുത്തുപറയേണ്ടത്. പുതിയ പന്തില്‍ ബാറ്ററുടെ വിക്കറ്റെടുക്കുകയെന്നുള്ളത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യിപ്പിക്കാന്‍ സിറാജിന് സാധിക്കുന്നു. അസാധ്യ കഴിവാണ് അവന്.'' വസിം ജാഫര്‍ പറഞ്ഞുനിര്‍ത്തി.

അടുത്തിടെ പുറത്തുവന്ന ഏകദിന റാങ്കിംഗില്‍ സിറാജ് മൂന്നാമതെത്തിയിരുന്നു. 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് സിറാജ് മൂന്നാമതെത്തിയത്. 685 റേറ്റിംഗ് പോയിന്റാണ് സിറാജിനുള്ളത്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം തുടര്‍ന്നാല്‍ താരത്തിന് ഒന്നാമതെത്താം. ഇരുപത്തിയെട്ടുകാരനായ സിറാജ് 15 ടെസ്റ്റില്‍ 46 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 20 ഏകദിനങ്ങള്‍ കളിച്ചപ്പോള്‍ 37 വിക്കറ്റും എട്ട് ടി20യില്‍ 11 വിക്കറ്റും നേടി.
 

click me!