ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20: ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു; ഏറ്റവും പുതിയ കണക്ക്

By Jomit JoseFirst Published Sep 21, 2022, 8:46 PM IST
Highlights

50 ശതമാനം ഇളവിൽ ടിക്കറ്റ് ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരള ക്രിക്കറ്റ് അസോസിയേഷനെ സമീപിക്കണം

തിരുവനന്തപുര: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു. രണ്ട് ദിവസത്തിനുള്ളില്‍ 15929 ടിക്കറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ അപ്പര്‍ ടിയറില്‍ ഇനി 5000 ടിക്കറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. 1500 രൂപയാണ് അപ്പര്‍ ടിയര്‍ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവ് ലഭിക്കും. 750 രൂപയായിരിക്കും വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക്. പവിലിയന് 2750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. www.paytminsider.in വഴിയാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്.

50 ശതമാനം ഇളവിൽ ടിക്കറ്റ് ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരള ക്രിക്കറ്റ് അസോസിയേഷനെ സമീപിക്കണം. ടിക്കറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് help@insider.in എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആവശ്യക്കാര്‍ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്. ഒരു മെയിൽ ഐഡിയിൽ നിന്ന് മൂന്ന് ടിക്കറ്റ് എടുക്കാം. 

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈമാസം 28നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 നടക്കുന്നത്. മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. 2.36 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക വരുത്തിയതിന് വിഛേദിച്ച വൈദ്യുതി കെഎസ്ഇബി പുനസ്ഥാപിച്ചത് മത്സരത്തിന് മുമ്പ് വലിയ ആശ്വാസമാണ്. സര്‍ക്കാര്‍ തലത്തിൽ നടത്തിയ ഇടപെടലിന് പിന്നാലെയാണ് ആറ് ദിവസത്തിന് ശേഷം സ്റ്റേ‍ഡിയത്തിൽ വൈദ്യുതിയെത്തിയത്. മത്സരത്തിന്‍റെ ഒരുക്കങ്ങൾ നടക്കുന്നതിനിടെ ഫ്യൂസ് ഊരാൻ നിര്‍ദ്ദേശം നൽകിയ കെഎസ്ഇബി ഉദ്യോഗസ്ഥനെ കെസിഎ വിമര്‍ശിച്ചിരുന്നു. 2019 ഡിസംബര്‍ എട്ടിനാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ അവസാന രാജ്യാന്തര മത്സരം അരങ്ങേറിയത്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ടി20കളുള്ള പരമ്പരയിലെ ആദ്യ മത്സരം സെപ്റ്റംബര്‍ 28ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ രണ്ടാം ടി20 ഒക്ടോബര്‍ രണ്ടിന് ഗുവാഹത്തിയിലും മൂന്നാം അങ്കം നാലാം തിയതി ഇന്‍ഡോറിലും നടക്കും. ഇതിന് ശേഷം മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും പ്രോട്ടീസിനെതിരെ ഇന്ത്യക്കുണ്ട്. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദിയായി, ഫൈനലിലെത്താന്‍ ഇന്ത്യയുടെ മുന്നിലുള്ള വഴികള്‍

click me!