എം എസ് ധോണിയുടെ വിരമിക്കല്‍ എപ്പോള്‍? വീണ്ടും മറുപടിയുമായി എം എസ് കെ പ്രസാദ്

By Web TeamFirst Published Mar 7, 2020, 2:49 PM IST
Highlights

ചീഫ് സെലക്‌ടറായിരിക്കേ നേരിട്ട വലിയ വെല്ലുവിളികളും അനുഭവിച്ച വലിയ സന്തോഷവും എന്താണെന്നും എം എസ് കെ പ്രസാദ് വെളിപ്പെടുത്തി.
 

മുംബൈ: ഭാവിയെ കുറിച്ച് എം എസ് ധോണിക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് സ്ഥാനമൊഴിയുന്ന ചീഫ് സെലക്‌ടര്‍ എം എസ് കെ പ്രസാദ്. ധോണി യുഗത്തില്‍ നിന്ന് കോലിയിലേക്ക് നായകത്വം മനോഹരമായി കൈമാറിയതില്‍ തനിക്കും സഹപ്രവര്‍ത്തകര്‍ക്കും അഭിമാനമുണ്ടെന്നും അദേഹം വ്യക്തമാക്കി. സെലക്‌ടറായി അഞ്ച് വര്‍ഷം കസേരയിലിരുന്ന ശേഷമാണ് പ്രസാദ് ബാറ്റണ്‍ സുനില്‍ ജോഷിക്ക് കൈമാറുന്നത്.  

ഏറ്റവും വലിയ സംതൃപ്തി എന്ത്?

'മഹി നായകപദവി ഒഴിഞ്ഞപ്പോള്‍ പകരക്കാരന്‍ ആരാകണമെന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ക്യാപ്റ്റന്‍സിയിലെ പരിവര്‍ത്തനം അനായാസം നടക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. വിരാട് കോലി നായകനായപ്പോള്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ ഒന്നാംസ്ഥാനത്തെത്തി. ഇതാണ് വലിയ സംതൃപ്തി നല്‍കുന്നത്'. 

ധോണിക്കറിയാം എന്തുചെയ്യണം...

'കരിയറിലെ കുറിച്ച് എം എസ് ധോണിക്ക് കൃത്യമായ ധാരണയുണ്ട്. അത് തന്നെയും മാനേജ്‌മെന്‍റിനെയും അറിയിച്ചിരുന്നു. ആ രഹസ്യം പുറത്തുവിടാനാകില്ല. ചര്‍ച്ച ചെയ്ത കാര്യങ്ങളൊക്കെ ധോണിക്കും സെലക്ഷന്‍ കമ്മിറ്റിക്കും മാനേജ്‌മെന്‍റിനും ഇടയില്‍ ഒളിഞ്ഞിരിക്കുന്നതാണ് നല്ലത്. അലിഖിതമാണ് ആ കാര്യങ്ങളൊക്കെ'. 

ലോകകപ്പ് തോല്‍വിക്ക് കാരണം നാലാം നമ്പറല്ല

'ഏകദിന ലോകകപ്പ് നേടാതിരിക്കാനുള്ള കാരണം നാലാം നമ്പറാണ് എന്ന് കരുതുന്നില്ല. പോയിന്‍റ് പട്ടികയില്‍ തലപ്പത്തെത്തിയാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയത് എങ്കില്‍ ടീമിന്‍റെ കരുത്ത് വ്യക്തമാണ്. അതിനാല്‍ നാലാം നമ്പറിനെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല' എന്നും പ്രസാദ് പറഞ്ഞു. ലോകകപ്പില്‍ നാലാം നമ്പറില്‍ ശരിയായ താരത്തെ നിയോഗിക്കാനാകാതെ പോയ ടീം ഇന്ത്യ താരങ്ങളെ മാറിമാറി പരീക്ഷിച്ചത് വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.

ഋഷഭ് പന്തിനെ കുറിച്ച്

'ടെസ്റ്റ് ടീമിലേക്ക് ജസ്‌പ്രീത് ബുമ്രയെയും ഹാര്‍ദിക് പാണ്ഡ്യയെയും എടുത്തത് അടക്കം വമ്പന്‍ സെലക്ഷനുകള്‍ ഉദാഹരണമായുണ്ട്. ഇപ്പോള്‍ ഋഷഭ് പന്തിനെ ടെസ്റ്റ് ടീമിലെടുത്തിരിക്കുന്നു. ഇന്ത്യ എ ടീമിലൂടെയാണ് അയാളെ വളര്‍ത്തിയെടുത്തത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് രവിചന്ദ്ര അശ്വിനെയും രവീന്ദ്ര ജഡേജയെയും ഒഴിവാക്കിയതും എം എസ് ധോണിക്ക് പകരക്കാരനെ കണ്ടെത്തുന്നതുമാണ് അഞ്ച് വര്‍ഷം നീണ്ട കാലയളവില്‍ വെള്ളംകുടിപ്പിച്ച തീരുമാനങ്ങള്‍' എന്നും എം എസ് കെ പ്രസാദ് കൂട്ടിച്ചേര്‍ത്തു. 

Read more: ധോണിയുടെ പരിചയസമ്പത്ത് ടീം ഇന്ത്യ മിസ് ചെയ്യുന്നു; തുറന്നുപറഞ്ഞ് കുല്‍ദീപ് യാദവ്

click me!