എനിക്കും ദേഷ്യമൊക്കെ വരാറുണ്ട്; എപ്പോഴും കൂളായി ഇരിക്കുന്നതിന് പിന്നിലെ രഹസ്യം വ്യക്തമാക്കി ധോണി

By Web TeamFirst Published Oct 16, 2019, 6:06 PM IST
Highlights

ഗ്രൗണ്ടില്‍ കാര്യങ്ങള്‍ നമ്മള്‍ വിചാരിച്ച പോലെ നടക്കുന്നില്ലെങ്കില്‍ എനിക്കും ദേഷ്യം വരാറുണ്ട്. ഞാന്‍ അസ്വസ്ഥനാവാറുമുണ്ട്, പക്ഷെ ഇത്തരം വികാരങ്ങളെല്ലാം നിയന്ത്രിതമായി മാത്രം പുറത്തെടുക്കാന്‍ ഞാന്‍ ശീലിച്ചുകഴിഞ്ഞു

ചെന്നൈ: ഗ്രൗണ്ടിലും പുറത്തും എപ്പോഴും ക്യാപ്റ്റന്‍ കൂളാണ് എം എസ് ധോണി. ഏത് സമ്മര്‍ദ്ദഘട്ടത്തിലും വികാരങ്ങള്‍ പുറത്തെടുക്കാതെ സമചിത്തതയോടെ ടീമിനെ നയിക്കുന്ന ധോണിക്ക് ആരാധകരാണ് ക്യാപ്റ്റന്‍ കൂള്‍ എന്ന പേര് നല്‍കിയത്. എന്നാല്‍ മറ്റുള്ളവരെപോലെ താനും ദേഷ്യപ്പെടാറുണ്ടെന്നും അസ്വസ്ഥനാവാറുണ്ടെന്നും തുറന്നു പറയുകയാണ് ധോണി. റിപ്പബ്ലിക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധോണി താനെങ്ങനെ ക്യാപ്റ്റന്‍ കൂളായി എന്നതിനെക്കുറിച്ച് മനസുതുറന്നത്.

ഗ്രൗണ്ടില്‍ കാര്യങ്ങള്‍ നമ്മള്‍ വിചാരിച്ച പോലെ നടക്കുന്നില്ലെങ്കില്‍ എനിക്കും ദേഷ്യം വരാറുണ്ട്. ഞാന്‍ അസ്വസ്ഥനാവാറുമുണ്ട്, പക്ഷെ ഇത്തരം വികാരങ്ങളെല്ലാം നിയന്ത്രിതമായി മാത്രം പുറത്തെടുക്കാന്‍ ഞാന്‍ ശീലിച്ചുകഴിഞ്ഞു. ഇത്തരം കാര്യങ്ങളൊന്നും ഗുണകരമല്ലെങ്കില്‍ പിന്നെ അതിനെയെല്ലാം ഗുണകരമായ രീതിയില്‍ വഴിതിരിച്ചുവിടുക എന്നതാണ് ചെയ്യാനുള്ളത്.

നമ്മള്‍ ഇന്ത്യക്കാര്‍ എല്ലാ കാര്യത്തിലും പെട്ടെന്ന് വികാരം കൊള്ളുന്നവരാണ്. എന്നാല്‍ എല്ലാത്തിലും ഒരു നിയന്ത്രണം വേണം എന്ന പക്ഷക്കാരനാണ് ഞാന്‍. അതുകൊണ്ടുതന്നെ ഗ്രൗണ്ടില്‍വെച്ച് മറ്റു കളിക്കാരെ അപേക്ഷിച്ച് കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ വികാരങ്ങളെ നിയന്ത്രിക്കാന്‍ എനിക്ക് കഴിയുന്നത്. അല്ലെങ്കില്‍ അത് നിങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയെയുള്ളു-ധോണി പറഞ്ഞു.

ലോകകപ്പിനുശേഷം ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ലാത്ത ധോണി ആദ്യമായാണ് ഒരു പൊതുവേദിയില്‍ എത്തുന്നത്. ലോകകപ്പിന് പിന്നാലെ സൈനിക സേവനത്തിനായി പോയ ധോണി ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ നിന്നും വിട്ടുനിന്നിരുന്നു.

click me!