
ദില്ലി: ഐപിഎല്‍ റെക്കോര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ടി20 ടീമിലേക്കുള്ള ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്. അതേസമയം, മുഹമ്മദ് ഷമിയെ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളിലേക്ക് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ചു സീസണുകളിലെ ഐപിഎല്‍ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഭുവനേശ്വര്‍ കുമാര്‍ ദേശീയ ടീമില്‍ തിരിച്ചെത്താന്‍ പൂര്‍ണമായും അര്‍ഹനാണെന്ന് പ്രസാദ് അഭിപ്രായപ്പെട്ടു.
അവസാന രണ്ടോ മൂന്നോ ഐപിഎല്‍ സീസണുകളില്‍ നിന്നായി 70ലധികം വിക്കറ്റുകള്‍ വീഴ്ത്തിയ താരം, ആര്‍സിബിക്കായി തുടര്‍ച്ചയായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടി20 ഫോര്‍മാറ്റില്‍ ഭുവിക്ക് ഇപ്പോഴും ടീമിനായി വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനത്തോടെ സീസണ്‍ തുടങ്ങിയ മുഹമ്മദ് ഷമിയെയും ദേശീയ ടീമിലേക്ക് തിരികെ വിളിക്കണമെന്നാണ് പ്രസാദിന്റെ ആവശ്യം. 2015, 2019, 2023 ഏകദിന ലോകകപ്പുകളില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാമനായിരുന്ന ഷമിയെ പോലെയുള്ള പരിചയസമ്പന്നരായ താരങ്ങളെ പ്രധാന പരമ്പരകള്‍ക്ക് മുന്നേ ടീമിലേക്ക് കൊണ്ടുവരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസ് നിര നേരിടുന്ന അനുഭവസമ്പത്തിന്റെ കുറവ് പരിഹരിക്കാന്‍ ഷമിയുടെ സാന്നിധ്യം സഹായിക്കുമെന്നും പ്രസാദ് ചൂണ്ടിക്കാട്ടി.
ന്യൂസിലന്‍ഡിനെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ടി20 ടീം പ്രഖ്യാപിച്ചെങ്കിലും, ഏകദിന, ടെസ്റ്റ് സ്‌ക്വാഡുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഷമിയുടെയും ഭുവനേശ്വറിന്റെയും അനുഭവസമ്പത്ത് ഇന്ത്യയുടെ വരുംകാല മത്സരങ്ങളില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!