ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പര; മുംബൈയിലെ ആദ്യ മത്സരം അനിശ്ചിതത്വത്തില്‍

By Web TeamFirst Published Nov 21, 2019, 6:04 PM IST
Highlights

മത്സരത്തിനാവശ്യമായ സുരക്ഷ ഒരുക്കാനാവില്ലെന്ന് മുംബൈ പോലീസ് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു.

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ മുംബൈയില്‍ നടക്കേണ്ട ആദ്യ മത്സരത്തിന്റെ കാര്യം അനിശ്ചിതത്വത്തില്‍. ഡിസംബര്‍ ആറിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കേണ്ടത്. എന്നാല്‍ മത്സരത്തിനാവശ്യമായ സുരക്ഷ ഒരുക്കാനാവില്ലെന്ന് മുംബൈ പോലീസ് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു.

ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് അയോധ്യ കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുംബൈയില്‍ കനത്ത സുരക്ഷ ഒരുക്കേണ്ടതിനാലാണ് സുരക്ഷ ഒരുക്കാന്‍ കഴിയാത്തതെന്നാണ് പോലീസിന്റെ നിലപാട്. മുംബൈ നഗരത്തില്‍ നിന്ന് മത്സരം മാറ്റണമെന്നും പോലീസ് നേരത്തെ അസോസിയേഷനെ അറിയിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ മുംബൈ പോലീസ് ജോയിന്റ് കമ്മീഷണറുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

സുപ്രീം കോടതി വിധിക്കുശേഷം വരുന്ന ആദ്യ ബാബ്റി മസ്ജിദ് ദിനമെന്ന നിലയില്‍ രാജ്യമെമ്പാടും കനത്ത സുരക്ഷയാണ് ഒരുക്കുന്നത്.  അതേസമയം, 20 ശതമാനം പോലീസുകാരെ നല്‍കിയാല്‍ ബാക്കിയുള്ള 80 ശതമാനം സുരക്ഷാ കാര്യങ്ങളും സ്വകാര്യ സുരക്ഷാ ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ തയാറാണെന്നാണ് അസോസിയേഷന്റെ നിലപാട്.

പോലീസിന്റെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെങ്കില്‍ വിഷയം ബിസിസിഐക്ക് മുമ്പാകെ അവതരിപ്പിക്കാനാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ആലോചിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരം എട്ടിന് തിരുവനന്തപുരത്ത് നടക്കും.

click me!