യുപിയെ അടിച്ചൊതുക്കി താരെ- പൃഥ്വി സഖ്യം; വിജയ് ഹസാരെ ട്രോഫി മുംബൈയ്ക്ക്

By Web TeamFirst Published Mar 14, 2021, 8:14 PM IST
Highlights

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ യുപി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ മുംബൈ 41.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ദില്ലി: വിജയ് ഹസാരെ ട്രോഫി മുംബൈയ്ക്ക്. ഫൈനലില്‍ ഉത്തര്‍ പ്രദേശിനെ ആറ് വിക്കറ്റിനായിരുന്നു മുംബൈ തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ യുപി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ മുംബൈ 41.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മുംബൈയുടെ നാലാം കിരീടമാണിത്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദിത്യ താരെ പുറത്താവാതെ നേടിയ 118 റണ്‍സാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ പൃഥ്വി ഷാ (39 പന്തില്‍ 73), യശസ്വി ജയ്‌സ്വാള്‍ (29) എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് മുംബൈക്ക് നല്‍കിയത്. ഇരുവരും 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പൃഥ്വി മടങ്ങിയെങ്കിലും താരെ ക്രീസിലെത്തില്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്തി

ഇതിനിടെ ജയ്‌സ്വാളും പവലിയനില്‍ തിരിച്ചെത്തി. എന്നാല്‍ ഷംസ് മുലാനി (36) താരെയ്ക്ക് പിന്തുണ നല്‍കി. മൂലാനി പുറത്തായെങ്കിലും ശിവം ദുബെയുടെ ഇന്നിങ്‌സും മുംബൈക്ക് കരുത്തായി. 28 പന്തുകള്‍ മാത്രം നേരിട്ട താരം 42 റണ്‍സസെടുത്ത് പുറത്തായി. സര്‍ഫറാസ് ഖാന്‍ (2) താരെയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. 18 ബൗണ്ടറികളുടെ സഹായത്തോടെയാണ് താരെ 118 റണ്‍സെടുത്തത്. 

നേരത്തെ മാധവ് കൗശിക് (158) നേടിയ സെഞ്ചുറിയാണ് യുപിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അക്ഷ്ദീപ് നാഥ്, സമര്‍ത്ഥ് സിംഗ് എന്നിവര്‍ 55 റണ്‍സ് വീതമെടുത്തു. തനുഷ് കൊടിയന്‍ മുംബൈക്കായി ഒരു വിക്കറ്റ് വീഴ്ത്തി. 827 റണ്‍സ് നേടിയ പൃഥ്വി ഷായാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു താരം ഇത്രയും റണ്‍സ് നേടുന്നത്. 737 റണ്‍സ് നേടിയ കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് രണ്ടാം സ്ഥാനത്ത്. എട്ട് മത്സരങ്ങളില്‍ 21 വിക്കറ്റ് നേടിയ ശിവം ശര്‍മയാണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍.

click me!