സച്ചിനെ പൂട്ടാന്‍ എത്ര ടീം മീറ്റിംഗുകളാണ് വിളിച്ചതെന്ന് എനിക്കറിയില്ല: നാസര്‍ ഹുസൈന്‍

By Web TeamFirst Published Jul 5, 2020, 2:55 PM IST
Highlights

ഇംഗ്ലണ്ടിനെതിരെ മികച്ച റെക്കോഡുളള  താരമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സച്ചിന് ടീമിനുണ്ടാക്കിയ തലവേദന ചില്ലറയൊന്നുമല്ലായിരുന്നുവെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍.

ദില്ലി: ഇംഗ്ലണ്ടിനെതിരെ മികച്ച റെക്കോഡുളള  താരമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സച്ചിന് ടീമിനുണ്ടാക്കിയ തലവേദന ചില്ലറയൊന്നുമല്ലായിരുന്നുവെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. സച്ചിനെ എങ്ങനെ പുറത്താക്കണമെന്ന് ആലോചിച്ച് വിളിച്ചുകൂട്ടിയ ടീം മീറ്റിങ്ങുകള്‍ എത്രയാണെന്ന് പോലും അറിയില്ലെന്ന്് മുന്‍ ക്യാപ്റ്റന്‍ വെളിപ്പെടുത്തി.

'ക്രിക്കറ്റ് ഇന്‍സൈഡ് ഔട്ട്' എന്ന പോഡ്കാസ്റ്റില്‍ ഇയാന്‍ ബിഷപ്പ്, എല്‍മ സ്മിത്ത് എന്നിവര്‍ക്കൊപ്പം പങ്കെടുക്കുമ്പോഴാണ് നാസര്‍ ഹുസൈന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹം തുടര്‍ന്നു... ''ഏതൊരു ടീമിന്റെയും പേടിസ്വപ്‌നമാണ് സച്ചിനെന്നുള്ളതില്‍ സംശയമൊന്നുമില്ല. അത്രത്തോളം സാങ്കേതിക തികവുള്ള താരമാണ് അദ്ദേഹം.  ഞാന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനായിരിക്കുമ്പോള്‍ സച്ചിനെ പുറത്താക്കാന്‍ എന്താണ് വഴിയെന്ന് ആലോചിച്ച് ഞങ്ങള്‍ കൂടിയ ടീം മീറ്റിങ്ങുകള്‍ക്ക് ഒരു കണക്കില്ല.

ലോകത്തിന്റെ ഏതു ഭാഗത്തായാലും റണ്‍സ് നേടാനുള്ള മികവാണ് എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ടത്. ഇപ്പോഴത്തെ തലമുറയില്‍ ഇക്കാര്യത്തില്‍ എനിക്കേറ്റവും പ്രിയപ്പെട്ട താരം ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനാണ്. പന്ത് അടുത്തെത്താന്‍ സാവകാശം നല്‍കി ഏറ്റവും സോഫ്റ്റായി കളിക്കുന്ന വ്യക്തിയാണ് അദ്ദേഹം.'' അദ്ദേഹം പറഞ്ഞു. 

ടി20 ക്രിക്കറ്റിന്റെ വരവോടെ അത്തരം ക്രിക്കറ്റ് താരങ്ങളെ കാണാതായി. എന്നാല്‍ എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കെല്‍പ്പുള്ള താരമാണ് വില്യംസണെന്നും താരം നാസര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

click me!