
സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് ക്ലബിലുള്ള താരങ്ങളിലൊരാളാണ് ഓസ്ട്രേലിയന്‍ സ്‌പിന്നര്‍ നേഥന്‍ ലിയോണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് വീഴ്ത്തുന്ന എട്ടാമത്തെ മാത്രം ബൗളറും നാലാമത്തെ സ്പിന്നറുമാണ് ലിയോണ്‍. ഇങ്ങനെ മികച്ച റെക്കോര്‍ഡുള്ള ലിയോണ്‍ താന്‍ കരിയറില്‍ നേരിട്ട ഏറ്റവും മികച്ച മൂന്ന് ബാറ്റര്‍മാരെ തെരഞ്ഞെടുത്തിരിക്കുകയാണ്.
'ഞാന്‍ നേരിട്ട ഏറ്റവും മികച്ച ബാറ്റര്‍മാര്‍ ആരാണ് എന്ന ചോദ്യത്തിന് ഉത്തരം നല്‍കുക പ്രയാസമാണ്. ക്രിക്കറ്റിലെ മഹാന്‍മാരായ നിരവധി താരങ്ങള്‍ക്കെതിരെ ഞാന്‍ കളിച്ചിട്ടുണ്ട്. അതില്‍ നിന്ന് ഞാന്‍ മൂന്ന് പേരുടെ പേരുകള്‍ തരാം. വിരാട് കോലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എ ബി ഡിവില്ലിയേഴ്‌സ് എന്നിവരാണവര്‍. മൂവരെയും പുറത്താക്കുക എളുപ്പമല്ല' എന്നും ലിയോണ്‍ പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി പറഞ്ഞു.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ പട്ടികയില്‍ സ്ഥാനമുള്ളവരാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോലിയും എ ബി ഡിവില്ലിയേഴ്‌സും. എക്കാലത്തെയും മികച്ച ബാറ്ററായി സച്ചിനെ പലരും വിലയിരുത്തുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ചുറികളും സച്ചിന്‍റെ പേരിലാണ്. 200 ടെസ്റ്റുകളില്‍ 51 സെഞ്ചുറികളും 6 ഇരട്ട സെഞ്ചുറിയും സഹിതം സച്ചിന് 15921 റണ്‍സുണ്ട്. 463 ഏകദിനങ്ങളില്‍ 49 സെഞ്ചുറികളും ഒരു ഇരട്ട ശതകവുമായി 18426 റണ്‍സും സച്ചിന്‍ സ്വന്തമാക്കി. അതേസമയം ഒരു അന്താരാഷ്ട്ര ട്വന്‍റി 20 മത്സരം മാത്രമേ സച്ചിന്‍ കളിച്ചിട്ടുള്ളൂ.
നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിലെ ഏറ്റവും മികച്ച ബാറ്ററായ കോലിക്ക് 112 ടെസ്റ്റില്‍ 29 സെഞ്ചുറികളും 7 ഇരട്ട സെഞ്ചുറികളുമായി 8790 റണ്‍സും 292 ഏകദിനങ്ങളില്‍ 50 സെഞ്ചുറികളോടെ 13848 റണ്‍സും സമ്പാദ്യമായുണ്ട്. ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ നിലവില്‍ കോലിയാണ് ഒന്നാമന്‍. 115 രാജ്യാന്തര ടി20കള്‍ കളിച്ചപ്പോള്‍ 1 സെഞ്ചുറിയും 37 അര്‍ധസെഞ്ചുറിയുമായി 4008 റണ്‍സും കോലിക്ക് നേടാനായി.
സ്വതസിദ്ധമായ ബാറ്റിംഗ് ശൈലി കൊണ്ട് 'മിസ്റ്റര്‍ 360' എന്ന വിശേഷണം ലഭിച്ച ദക്ഷിണാഫ്രിക്കന്‍ മുന്‍ ബാറ്റര്‍ എ ബി ഡിവില്ലിയേഴ്‌സ് മൂന്ന് ഫോര്‍മാറ്റിലും മികവ് തെളിയിച്ച മറ്റൊരു താരമാണ്. 114 ടെസ്റ്റുകളില്‍ 22 സെഞ്ചുറിയും 2 ഇരട്ട സെഞ്ചുറികളോടെയും 8765 റണ്‍സും 228 ഏകദിനങ്ങളില്‍ 25 ശതകങ്ങളോടെ 9577 റണ്‍സും എബിഡി സ്വന്തമാക്കി. 78 രാജ്യാന്തര ട്വന്‍റി 20കളില്‍ 1672 റണ്‍സും വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട ഡിവില്ലിയേഴ്‌സിനുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!