
മൊഹാലി: രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനാക്കിയതില്‍ സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കി ഇന്ത്യന്‍ മുന്‍ താരം നവജ്യോത് സിംഗ് സിദ്ദു. ട്വന്‍റി 20 ലോകകപ്പില്‍ രോഹിത്തിനെ ക്യാപ്റ്റനായി ബിസിസിഐ കഴിഞ്ഞ വർഷമെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ മുംബൈ ഇന്ത്യന്‍സ് ഹിറ്റ്മാനെ നായകനായി നിലനിർത്തുമായിരുന്നു എന്നാണ് നവജ്യോത് സിംഗ് സിദ്ദുവിന്‍റെ വാദം. അതേസമയം രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മുംബൈ ഇന്ത്യന്‍സ് നീക്കിയതില്‍ ആരാധക പ്രതിഷേധം സ്വാഭാവികമാണ് എന്ന് സിദ്ദു വ്യക്തമാക്കി.
'രോഹിത് ശർമ്മയെ ട്വന്‍റി 20 ലോകകപ്പ് ക്യാപ്റ്റനായി ബിസിസിഐ 2023 ഒക്ടോബർ മാസത്തിലെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ മുംബൈ ഇന്ത്യന്‍സ് നായകനായി ഹാർദിക് പാണ്ഡ്യയെ പ്രഖ്യാപിക്കില്ലായിരുന്നു. പാണ്ഡ്യയെ നായകനാക്കാന്‍ ഫ്രാഞ്ചൈസി തെരഞ്ഞെടുത്ത സമയമാണ് പ്രശ്നം. ടീം ഇന്ത്യയുടെ ഹീറോയും ക്യാപ്റ്റനുമായ രോഹിത് ശർമ്മ മുംബൈ ഇന്ത്യന്‍സിന്‍റെ നായകനല്ലാത്തത് ആരാധകർ ആർക്കും ദഹിക്കുന്ന കാര്യമല്ല. രോഹിത് ശർമ്മ എന്ത് തെറ്റ് ചെയ്തു എന്നാണ് ഫ്രാഞ്ചൈസിയുടെ ആരാധകർ ചിന്തിക്കുക. രോഹിത് ഉണ്ടാക്കിയ വിജയം ഹാർദിക് പാണ്ഡ്യയും തുടർന്നിരുന്നെങ്കില്‍ ഇത്രയധികം വിമർശനമുണ്ടാകുമായിരുന്നില്ല' എന്നും നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ പദവിയില്‍ നിന്ന് രോഹിത്തിനെ നീക്കിയതിന് ശേഷമാണ് ലോകകപ്പ് ക്യാപ്റ്റനെ ബിസിസിഐ പ്രഖ്യാപിച്ചത്.
ഐപിഎല്‍ 2024 സീസണിന് മുന്നോടിയായാണ് അപ്രതീക്ഷിതമായി രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനാക്കിയത്. 10 സീസണുകളിലായി അഞ്ച് കിരീടം ഫ്രാഞ്ചൈസിക്ക് സമ്മാനിച്ച ഇതിഹാസ നായകനും ബാറ്ററുമാണ് ഹിറ്റ്മാന്‍. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് കളിച്ച മൂന്ന് മത്സരങ്ങളിലും പാണ്ഡ്യയെ കൂവിയാണ് ആരാധകർ വരവേറ്റത്. പാണ്ഡ്യയുടെ നായകത്വത്തില്‍ മൂന്ന് കളികളും മുംബൈ ഇന്ത്യന്‍സ് തോറ്റതോടെ വിമർശനം കടുത്തു. രോഹിത്തിനെ വീണ്ടും ക്യാപ്റ്റനാക്കണം എന്നാണ് ആരാധകരുടെ വാദം. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഏറ്റവും താഴെയാണ് മുംബൈ ഇന്ത്യന്‍സ്.