
മൊഹാലി: ഐപിഎല്ലില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് രോഹിത് ശര്‍മ. ഐപിഎല്ലില്‍ ഏഴായിരം റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. 271 മത്സരങ്ങളില്‍ നിന്നാണ് രോഹിത് ഏഴായിരം റണ്‍സ് പൂര്‍ത്തിയാക്കിയത്. ഗുജറാത്തിനെതിരായ എലിമിനേറ്ററില്‍ 81 റണ്‍സ് നേടിയാണ് രോഹിത്തിന്റെ നേട്ടം. 266 കളിയില്‍ 8618 റണ്‍സെടുത്ത വിരാട് കോലിയാണ് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത്. 6769 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് മൂന്നാം സ്ഥാനത്തുള്ളത്.
ഇന്നലെ 50 പന്തില്‍ 81 റണ്‍സാണ് രോഹിത് നേടിയത്. നാല് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. മത്സരത്തിലെ താരവും രോഹിത്തായിരുന്നു. രോഹിത് ശര്‍മ്മയെ പുറത്താക്കാന്‍ ലഭിച്ച അവസരം രണ്ട് തവണയാണ് ഗുജറാത്ത് ഫീല്‍ഡര്‍മാര്‍ പാഴാക്കി കളഞ്ഞത്. ബൗണ്ടറി ലൈനിനരികെ ജെറാള്‍ഡ് കോര്‍ട്‌സിയയും ജോസ് ബട്‌ലര്‍ക്ക് പകരം ടീമിലെത്തിയ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസുമാണ് പിഴവ് വരുത്തിയത്. രോഹിത്തിന്റെ കരുത്തില്‍ മുംബൈ ഇന്നലെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് അടിച്ചെടുത്തത്.
മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ക്വാളിഫയര്‍-2ന് യോഗ്യത നേടിയിരുന്നു. 229 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് 6 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 49 പന്തില്‍ 80 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. സായ് തന്നെയാണ് റണ്‍വേട്ടയിലും മുന്നില്‍. 15 ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സായിക്ക് 759 റണ്‍സായി. 54.21 ശരാശരിയിലും 156.17 സ്‌ട്രൈക്ക് റേറ്റിലുമാണ് സായിയുടെ റണ്‍വേട്ട.
ഒരു സീസണില്‍ 700 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് സായ്. 2016ല്‍ വിരാട് കോലി 973 റണ്‍സ് അടിച്ചെടുത്തിരുന്നു. ഇതുതന്നെയാണ് ഒരു സീസണിലെ ഉയര്‍ന്ന സ്‌കോര്‍. രണ്ടാം സ്ഥാനത്ത് ശുഭ്മാന്‍ ഗില്‍. 2023 സീസണില്‍ 890 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഗില്ലിന് പിന്നിലാണ് സായ്. കഴിഞ്ഞ സീസണില്‍ കോലി ഒരിക്കല്‍ കൂടി 700 കടന്നു. 741 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!