
റാവല്‍പിണ്ടി: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിന് 237 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിന് ന്ജമുല്‍ ഹുസൈന്‍ ഷാന്റോയുടെ 77 റണ്‍സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ജേക്കര് അലി 45 റണ്‍സെടുത്തു. നാല് വിക്കറ്റ് നേടിയ മൈക്കല്‍ ബ്രേസ്‌വെല്ലാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന്റെ തുടക്കവും അത്ര നന്നായിലില്ല. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ന്യൂസിലന്‍ഡ് എട്ട് ഓവറില്‍ രണ്ടിന് 40 എന്ന നിലയിലാണ്.
വില്‍ യംഗ് (0), കെയ്ന്‍ വില്യംസണ്‍ (5) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. ആദ്യ ഓവറില്‍ തന്നെ യംഗിനെ, ടസ്‌ക്കിന്‍ ബൗള്‍ഡാക്കി. നാലാം ഓവറില്‍ വില്യംസണും മടങ്ങി. നഹീദ് റാണയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീമിന് ക്യാച്ച് നല്‍കിയാണ് വില്യംസണ്‍ മടങ്ങുന്നത്. ഇതോടെ രണ്ടിന് 15 എന്ന നിലയിലായി ന്യൂസിലന്‍ഡ്. ഇപ്പോള്‍ ഡെവോണ്‍ കോണ്‍വെ (22), രചിന്‍ രവീന്ദ്ര (13) എന്നിവരാണ് ക്രീസില്‍. നേരത്തെ ഭേദപ്പെട്ട തുടക്കമായിരുന്നു ബംഗ്ലാദേശിന്.
ഒന്നാം വിക്കറ്റില്‍ തന്‍സിദ് ഹസന്‍ (24) - ഷാന്റോ സഖ്യം 45 റണ്‍സ് ചേര്‍ത്തു. ഒമ്പതാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. പിന്നാലെ മെഹിദി ഹരസന്‍ മിറാസും (13) പവലിയനില്‍ തിരിച്ചെത്തി. തൗഹിദ് ഹൃദോയ് (7), മുഷ്ഫിഖുര്‍ റഹീം (2), മഹ്മുദുള്ള (4) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ അഞ്ചിന് 118 എന്ന നിലയിലായി ബംഗ്ലാദേശ്. തുടര്‍ന്ന് ഷാന്റോ - ജേക്കര്‍ സഖ്യം കൂട്ടിചേര്‍ത്ത 45 റണ്‍സ് ബംഗ്ലാദേശിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഷാന്റോ 38-ാം ഓവറില്‍ മടങ്ങിയെങ്കിലും ജേക്കര്‍, റിഷാദ് ഹുസൈന്‍ (26), ടസ്‌കിന്‍ (10) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ സ്‌കോര്‍ 200 കടത്താന്‍ സഹായിച്ചു. മുസ്തഫിസുര്‍ (3), നഹിദ് റാണ (0) പുറത്താവാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!