ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്ക് മുമ്പ് കിവീസിന് ഇരട്ട തിരിച്ചടി; പരിക്കേറ്റ മാര്‍ക്ക് ചാപ്മാനും സാക് ഫൗള്‍ക്‌സും പുറത്ത്

Published : Oct 09, 2026, 01:10 PM IST
India vs New Zealand T20 World Cup 2026 Final

Synopsis

ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്ക് തൊട്ടുമുമ്പ് ന്യൂസിലൻഡ് ടീമിലെ രണ്ട് പ്രധാന താരങ്ങൾക്ക് പരിക്കേറ്റു. മാർക്ക് ചാപ്മാൻ, സാക് ഫൗൾക്സ് എന്നിവർക്കാണ് പരമ്പര നഷ്ടമാകുന്നത്. ഇവർക്ക് പകരം ജോഷ് ക്ലാർക്സൺ, ബ്ലെയർ ടിക്നർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വെല്ലിംഗ്ടണ്‍: ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് തൊട്ടുമുമ്പ് ന്യൂസിലന്‍ഡ് ടീമിന് കനത്ത തിരിച്ചടി. പരിക്കേറ്റ മാര്‍ക്ക് ചാപ്മാന്‍, സാക് ഫൗള്‍ക്‌സ് എന്നിവര്‍ക്ക് ഇന്ത്യക്കെതിരായ വരാനിരിക്കുന്ന പരമ്പര നഷ്ടമാകും. പരിക്ക് സ്ഥിരീകരിച്ചുകൊണ്ട് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ ടി20 പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനിടയിലാണ് മാര്‍ക്ക് ചാപ്മാന് ഇടത് ഹാംസ്ട്രിംഗിന് പരിക്കേറ്റത്. ഈ പരിക്കുകാരണം ടി20 മത്സരങ്ങള്‍ നഷ്ടപ്പെടുമെങ്കിലും, തുടര്‍ന്ന് നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് താരം ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, കാന്റര്‍ബറിക്കൊപ്പമുള്ള പരിശീലന സെഷനിടയിലാണ് പേസര്‍ സാക് ഫൗള്‍ക്‌സിന്റെ വലത് ഹിപ് ഫ്‌ലെക്‌സര്‍ ഇഞ്ചുറിക്ക് ഇരയായത്. താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. പരിക്കേറ്റ താരങ്ങള്‍ക്ക് പകരം ഓള്‍റൗണ്ടര്‍ ജോഷ് ക്ലാര്‍ക്‌സന്‍, ഫാസ്റ്റ് ബോളര്‍ ബ്ലെയര്‍ ടിക്‌നര്‍ എന്നിവരെ കിവീസ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരായ ഈ കടുത്ത പോരാട്ടത്തിന് മുന്നോടിയായി പരിചയസമ്പന്നരായ ഈ രണ്ട് താരങ്ങളെയും ടീമിലേക്ക് തിരികെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ന്യൂസിലന്‍ഡ് മുഖ്യ പരിശീലകന്‍ റോബ് വാള്‍ട്ടര്‍ വ്യക്തമാക്കി.

മാര്‍ക്കിനും സാക്കിനും പരിക്കേറ്റതില്‍ വിഷമമുണ്ട്, അവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും, ജോഷ് ക്ലാര്‍ക്‌സന്റെയും ബ്ലെയര്‍ ടിക്‌നറുടെയും സേവനം ടീമിന് കരുത്തുപകരുമെന്നും വാള്‍ട്ടര്‍ പറഞ്ഞു. ഒക്ടോബര്‍ 22-നാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഈ വര്‍ഷം ആദ്യം നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയതിന് ശേഷം ഇരു ടീമുകളും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത് ആദ്യമായിട്ടാണ്. ലോകകപ്പ് ഫൈനലില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. അതേ ആത്മവിശ്വാസവുമായാണ് ഇന്ത്യന്‍ ടീം ഇത്തവണയും ഇറങ്ങുന്നത്.

മിച്ചല്‍ സാന്റ്‌നറുടെ നേതൃത്വത്തിലുള്ള ന്യൂസിലന്‍ഡ് ടീമില്‍ പരിചയസമ്പന്നരായ കളിക്കാരും യുവതാരങ്ങളും ഉള്‍പ്പെടുന്നുണ്ട്. മികച്ച ഫോമിലുള്ള ഓപ്പണിംഗ് ബാറ്റര്‍മാരായ ടിം സീഫെര്‍ട്ടും ഫിന്‍ അലനും ടീമിലെ പ്രധാന താരങ്ങളില്‍ ഉള്‍പ്പെടുന്നു. ക്രൈസ്റ്റ് ചര്‍ച്ച്, വെല്ലിംഗ്ടണ്‍, ഓക്ലന്‍ഡ്, ഹാമില്‍ട്ടണ്‍ എന്നിവിടങ്ങളിലായാണ് അഞ്ച് ടി20 മത്സരങ്ങള്‍ നടക്കുന്നത്. ടി20 പരമ്പരയ്ക്ക് പുറമെ അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ സന്ദര്‍ശനം.

ന്യൂസിലന്‍ഡ് ടീം: മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്വെല്‍, ജോഷ് ക്ലാര്‍ക്‌സന്‍, ഡെവോണ്‍ കോണ്‍വെ, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്റി, ബെവോണ്‍ ജേക്കബ്‌സ്, കെയ്ല്‍ ജാമിസണ്‍, ആദം മില്‍നെ, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സീഫെര്‍ട്ട്, നാഥന്‍ സ്മിത്ത്, ബ്ലെയര്‍ ടിക്‌നര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലക്ഷ്യം ഇന്ത്യയുടെ ടി20 ടീമില്‍ കയറിപ്പറ്റുക; രഞ്ജി ട്രോഫിക്ക് മുന്നോടിയായി വിക്കറ്റ് കീപ്പിംഗ് പരിശീലനം നടത്തി ജയ്‌സ്വാള്‍
'സഞ്ജു കടുത്ത സമ്മര്‍ദ്ദത്തില്‍'; കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം ഹനുമ വിഹാരി