വിന്‍സ് അടിച്ചു, മോര്‍ഗന്‍ നയിച്ചു; ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന് അനായാസ ജയം

By Web TeamFirst Published Nov 1, 2019, 11:04 AM IST
Highlights

16-ാം ഓവറിലെ രണ്ടാം പന്തില്‍ വിന്‍സ് പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് 122 റണ്‍സില്‍ എത്തിയിരുന്നു

ക്രൈസ്റ്റ്‌ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ജയിംസ് വിന്‍സ് ബാറ്റുകൊണ്ട് തകര്‍ത്താടിയ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് സന്ദര്‍ശകരുടെ ജയം. ആദ്യം ബാറ്റ് ചെയ്ത കിവികള്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 153 റണ്‍സ് നേടി. എന്നാല്‍ ഒന്‍പത് പന്ത് ബാക്കിനില്‍ക്കേ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ജയത്തിലെത്തി. 

നാല്‍പ്പത്തിനാല് റണ്‍സെടുത്ത റോസ് ടെയ്‌ലറാണ് ന്യൂസിലന്‍ഡിന്‍റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ രണ്ട് റണ്‍സില്‍ പുറത്തായപ്പോള്‍ സഹ ഓപ്പണര്‍ കോളിന്‍ മണ്‍റോ നേടിയത് 21 റണ്‍സ്. വിക്കറ്റ് കീപ്പര്‍ ടിം സീഫേര്‍ട്ടും 32 റണ്‍സെടുത്തും കോളിന്‍ ഗ്രാന്‍ഡ്‌ഹോം 19 റണ്‍സിലും മടങ്ങി. 17 പന്തില്‍ 30 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഡാരല്‍ മിച്ചലാണ് കിവികളെ മെച്ചപ്പെട്ട സ്‌കോറിലെത്തിച്ചത്. ക്രിസ് ജോര്‍ദാന്‍ രണ്ടും ആദില്‍ റഷീദും പാട്രിക് ബ്രൗണും സാം കറനും ഓരോ വിക്കറ്റും നേടി. 

മറുപടി ബാറ്റില്‍ ഡേവിഡ് മലാന്‍ 11 റണ്‍സില്‍ പുറത്തായെങ്കിലും ജോണി ബെയര്‍‌സ്റ്റോയെ കൂട്ടുപിടിച്ച് ജയിംസ് വിന്‍സ് ഇംഗ്ലണ്ടിന് കരുത്തുപകര്‍ന്നു. ബെയര്‍സ്റ്റോ 35 ഉം വിന്‍സ് 38 പന്തില്‍ 59 റണ്‍സും നേടി. 16-ാം ഓവറിലെ രണ്ടാം പന്തില്‍ വിന്‍സ് പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് 122 റണ്‍സില്‍ എത്തിയിരുന്നു. 21 പന്തില്‍ 34 റണ്‍സുമായി നായകന്‍ ഓയിന്‍ മോര്‍ഗനും 11 പന്തില്‍ 14 റണ്‍സുമായി സാം ബില്ലിംഗ്‌സും പുറത്താകാതെ നിന്നു. മിച്ചല്‍ സാന്‍റ്‌നറാണ് മൂന്ന് വിക്കറ്റും വീഴ്‌ത്തിയത്. 

click me!