വീണ്ടും സൂപ്പര്‍ ഓവര്‍ ത്രില്ലര്‍; വെല്ലിംഗ്‌ടണിലും ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

By Web TeamFirst Published Jan 31, 2020, 4:47 PM IST
Highlights

നാലാം ടി20യില്‍ സൂപ്പര്‍ ഓവറില്‍ ജയിച്ച് ഇന്ത്യ 4-0ന് പരമ്പരയില്‍ മുന്നിലെത്തി

വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ വീണ്ടും സൂപ്പര്‍ ഓവര്‍ ത്രില്ലര്‍ വിജയവുമായി ടീം ഇന്ത്യ. നാലാം ടി20യില്‍ സൂപ്പര്‍ ഓവറില്‍ ജയിച്ച് ഇന്ത്യ 4-0ന് പരമ്പരയില്‍ മുന്നിലെത്തി. സൂപ്പര്‍ ഓവറില്‍ 14 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയെ ഒരു പന്ത് ബാക്കിനില്‍ക്കേ വിരാട് കോലിയും സഞ്ജു സാംസണും ചേര്‍ന്ന് വിജയത്തിലെത്തിച്ചു. കെ എല്‍ രാഹുല്‍ മൂന്ന് പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായി. 

വീണ്ടും സൂപ്പര്‍ ഓവര്‍ ത്രില്ലര്‍, നാടകീയത

ഇന്ത്യയുടെ 165 പിന്തുടര്‍ന്ന കിവികള്‍ക്ക് നിശ്‌ചിത സമയത്ത് സമനില നേടാനേയായുള്ളൂ. കോളിന്‍ മണ്‍റോ, ടിം സീഫര്‍ട്ട് എന്നിവരുടെ അര്‍ധ സെഞ്ചുറികള്‍ ന്യൂസിലന്‍ഡിനെ വിജയിപ്പിച്ചില്ല. ശാര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞ അവസാന ഓവറില്‍ നാല് വിക്കറ്റ് വീണതോടെയാണ് മത്സരം സമനിലയിലായത്. സ്‌കോര്‍: ഇന്ത്യ-165-8 (20), ന്യൂസിലന്‍ഡ്-165-7

മാര്‍ട്ടിന്‍ ഗപ്‌ടിലിനെ നാലില്‍ നില്‍ക്കേ ബുമ്ര മടക്കിയെങ്കിലും ഇന്ത്യന്‍ പദ്ധതികള്‍ കോളിന്‍ മണ്‍റോയും ടി സീഫര്‍ട്ടും തകര്‍ത്തു. ഫീല്‍ഡിംഗ് പിഴവുകളും ഇന്ത്യക്ക് തിരിച്ചടിയായി. മണ്‍റോ 47 പന്തില്‍ 64 റണ്‍സെടുത്താണ് മടങ്ങിയത്. ടോം ബ്രുസ് പൂജ്യത്തില്‍ മടങ്ങി. ടിം സീഫര്‍ട്ടും റോസ് ടെയ്‌ലറും ക്രീസില്‍ നില്‍ക്കേ കിവികള്‍ വിജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍ ടെയ്‌ലര്‍(24), ടിം സീഫര്‍ട്ട്(47), ഡാരില്‍ മിച്ചല്‍(4), മിച്ചല്‍ സാന്‍റ്‌നര്‍(2) എന്നിവര്‍ അവസാന ഓവറില്‍ പുറത്തായതോടെ മത്സരം സമനിലയില്‍. 

സഞ്ജുവിന് നിരാശ, രക്ഷകനായി മനീഷ് പാണ്ഡെ

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യയ്‌ക്ക് നിശ്‌ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 165 റണ്‍സാണ് നേടാനായത്. ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മയുടെ അഭാവം നിഴലിച്ചപ്പോള്‍ പകരമെത്തിയ മലയാളി താരം സഞ്ജു സാംസണ് എട്ട് റണ്‍സ് മാത്രമാണ് നേടാനായത്. നായകന്‍ വിരാട് കോലി 11 റണ്‍സിലും ശ്രേയസ് അയ്യര്‍ ഒന്നിലും പുറത്തായതോടെ ഇന്ത്യന്‍ മുന്‍നിര നിരാശപ്പെടുത്തി. എന്നാല്‍ ഫോം തുടര്‍ന്ന കെ എല്‍ രാഹുല്‍ 26 പന്തില്‍ 39 റണ്‍സുമായി മാനംകാത്തു. 

ശിവം ദുബെ(12), വാഷിംഗ്‌ടണ്‍ സുന്ദര്‍(0) എന്നിവര്‍ക്കും കിട്ടിയ സുവര്‍ണാവസരം മുതലാക്കാനായില്ല. ഇതോടെ പ്രതിരോധത്തിലായ ഇന്ത്യയെ അര്‍ധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡ്യയും വാലറ്റത്ത് ശാര്‍ദുല്‍ ഠാക്കുറും നവ്‌ദീപ് സെയ്‌നിയുമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മനീഷ് പാണ്ഡെ 36 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഠാക്കൂര്‍ 20ഉം സെയ്‌നി 11* ഉം റണ്‍സ് വീതം നേടി. ഇഷ് സോധി മൂന്നും ഹാമിഷ് ബെന്നറ്റ് രണ്ടും സാന്‍റ്‌നറും സൗത്തിയും ഓരോ വിക്കറ്റും നേടി. 

click me!