
നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് 73 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി. 345 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 44.1 ഓവറില്‍ 271 റണ്‍സിന് ഓള്‍ ഔട്ടായി. 83 പന്തില്‍ 78 റണ്‍സെടുത്ത ബാബര്‍ അസമാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ന് മുന്നിലെത്തി. നേരത്തെ ടി20 പരമ്പകയില്‍ ന്യൂസിലന്‍ഡ് 4-1ന്‍റെ ജയം സ്വന്തമാക്കിയിരുന്നു. സ്കോര്‍ ന്യൂസിലന്‍ഡ് 50 ഓവറില്‍ 344-9, പാകിസ്ഥാന്‍ 44.1 ഓവറില്‍ 271ന് ഓള്‍ ഔട്ട്.
345 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ ഒരു ഘട്ടത്തില്‍ 39-ാം ഓവറില്‍ 249-3 എന്ന മികച്ച നിലയിലായിരുന്നു. എന്നാല്‍ ബാബര്‍ അസം പുറത്തായതോടെ പാകിസ്ഥാന്‍ കൂട്ടത്തകര്‍ച്ചയിലായി. 22 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച ഏഴ് വിക്കറ്റുകളും നഷ്ടമാക്കിയാണ് പാകിസ്ഥാന്‍ വമ്പന്‍ തോല്‍വി വഴങ്ങിയത്. ബാബറിന് പുറമെ സല്‍മാന്‍ ആഗ(48 പന്തില്‍ 58), ഉസ്മാന്‍ ഖാന്‍(33 പന്തില്‍ 39), അബ്ദുള്ള ഷഫീഖ്(36), ക്യാപ്റ്റൻ മുഹമ്മസ് റിസ്‌വാന്‍(30) എന്നിവരും പാകിസ്ഥാനുവേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നാലു വിക്കറ്റെടുത്ത നഥാന്‍ സ്മിത്തും രണ്ട് വിക്കറ്റെടുത്ത ജേക്കബ് ഡഫിയും ചേര്‍ന്നാണ് പാകിസ്ഥാനെ എറിഞ്ഞിട്ടത്.
ഐപിഎല്‍ ഓറഞ്ച് ക്യാപ്: സഞ്ജു ആദ്യ 10ൽ നിന്ന് പുറത്ത്, വിക്കറ്റ് വേട്ടയില്‍ ഒന്നാമനായി ചെന്നൈ താരം
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നാലാമനായി ഇറങ്ങിയ മാര്‍ക്ക് ചാപ്മാന്‍റെ സെഞ്ചുറി(111 പന്തില്‍ 132) സെഞ്ചുറി മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. തുടക്കത്തില്‍ 50-3ലേക്ക് വീണ കിവീസിനെ ചാപ്‌മാനും ഡാരില്‍ മിച്ചലും(76) ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 199 റണ്‍സ് അടിച്ചു. മിച്ചല്‍ പുറത്തായശേഷം ക്രീസിലെത്തിയ മുഹമ്മദ് അബ്ബാസ് 26 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്സും പറത്തി 52 റണ്‍സടിച്ച് ന്യൂസിലന്‍ഡിനെ 350ന് അടുത്തെത്തിച്ചു.
പാകിസ്ഥാനുവേണ്ടി ഇര്‍ഫാന്‍ ഖാന്‍ മൂന്ന് വിക്കറ്റെടുത്തപ്പോൾ ആകിഫ് ജാവേദും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ രണ്ടാം മത്സരം ബുധനാഴ്ച ഹാമില്‍ട്ടണില്‍ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!