ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് നേടിയത് വെറുമൊരു ജയമല്ല; റെക്കോഡുകള്‍ കൂടെയുണ്ട്

By Web TeamFirst Published Feb 5, 2020, 5:14 PM IST
Highlights

ഏകദിന ക്രിക്കറ്റില്‍ അത്യപൂര്‍വ റെക്കോഡ് സ്വന്തമാക്കി ന്യൂസിലന്‍ഡ്. സ്‌കോര്‍ പിന്തുടരുമ്പോള്‍ ഇത്ര വലിയ വിജയം ന്യൂസിലന്‍ഡ് നേടുന്നത് ഇതാദ്യം. ഇന്ന് ഇന്ത്യക്കെതിരെ ഹാമില്‍ട്ടണില്‍ 347 റണ്‍സ് ന്യൂസിലന്‍ഡ് മറികടക്കുകയായിരുന്നു.

ഹാമില്‍ട്ടണ്‍: ഏകദിന ക്രിക്കറ്റില്‍ അത്യപൂര്‍വ റെക്കോഡ് സ്വന്തമാക്കി ന്യൂസിലന്‍ഡ്. സ്‌കോര്‍ പിന്തുടരുമ്പോള്‍ ഇത്ര വലിയ വിജയം ന്യൂസിലന്‍ഡ് നേടുന്നത് ഇതാദ്യം. ഇന്ന് ഇന്ത്യക്കെതിരെ ഹാമില്‍ട്ടണില്‍ 347 റണ്‍സ് ന്യൂസിലന്‍ഡ് മറികടക്കുകയായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് ന്യൂസിലന്‍ഡ് നേടിയത്. മുമ്പ് ഓസ്‌ട്രേലിയക്കെതിരെയായിരുന്നു സ്‌കോര്‍ പിന്തുടരുമ്പോള്‍ അവരുടെ ഏറ്റവും വലിയ ജയം. 2007ല്‍ 347 റണ്‍സാണ് അവര്‍ പിന്തുടര്‍ന്ന് നേടിയത്. ആ മത്സരവും ഹാമില്‍ട്ടണിലായിരുന്നു.

അതേ പരമ്പരയില്‍ 336 റണ്‍സും കിവീസ് പിന്തുടര്‍ന്ന് ജയിച്ചിട്ടുണ്ട്. ഓക്‌ലന്‍ഡിലായിരുന്നു അന്നത്തെ മത്സരം. 2018ല്‍ ഇംഗ്ലണ്ടിനെതിരെ 335 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത് നാലാം സ്ഥാനത്തായി. ഡ്യൂന്‍ഡിനാണ് അന്ന് മത്സരത്തിന് വേദിയായത്. ഇന്ത്യക്കെതിരെ വലിയ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ രണ്ടാം സ്ഥാനത്തെത്താനും ന്യൂസിലന്‍ഡിന് സാധിച്ചു. 2019ല്‍ മൊഹാലിയില്‍ ഓസ്‌ട്രേലിയ 358 റണ്‍സ് മറികടന്ന് വിജയം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നില്‍ രണ്ടാമതാണ് ന്യൂസിലന്‍ഡ്.

2007ല്‍ മൊഹാലിയില്‍ 321 റണ്‍സ് പിന്തുടര്‍ന്ന് വിജയം സ്വമാക്കിയ പാകിസ്ഥാനാണ് മൂന്നാം സ്ഥാനത്ത്. 2017ല്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്ക ഇന്ത്യക്കെതിരെ 321 റണ്‍സ് പിന്തുടര്‍ന്ന് മറികടന്നിരുന്നു.

click me!