ലോകകപ്പ് വേദികള്‍ അനുവദിച്ചത് രാഷ്ട്രീയം നോക്കിയിട്ടോ; പ്രതികരണവുമായി ബിസിസിഐ

Published : Jun 28, 2023, 02:57 PM IST
ലോകകപ്പ് വേദികള്‍ അനുവദിച്ചത് രാഷ്ട്രീയം നോക്കിയിട്ടോ; പ്രതികരണവുമായി ബിസിസിഐ

Synopsis

നോര്‍ത്ത് സോണില്‍ നിന്ന് ഡല്‍ഹിയെയും ധരംശാലയെയുമാണ് വേദികളായി തെരഞ്ഞെടുത്തിരിക്കുന്നത്. മൊഹാലിയെ ബോധപൂര്‍വം ഒഴിവാക്കിയതല്ല. വിരാട് കോലിയുടെ 100-ാം ടെസ്റ്റിന് വേദിയായത് മൊഹാലിയായിരുന്നു.

മുംബൈ: ഏകദിന ലോകകപ്പിന് വേദികള്‍ അനുവദിച്ചതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന ആരോപണത്തില്‍ മറുപടിയുമായി ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല. ലോകകപ്പ് വേദികള്‍ അനുവദിച്ചപ്പോള്‍ മൊഹാലിക്ക് ഒരു മത്സരം പോലും അനുവദിക്കാതിരിക്കുകയും അതേസമയം, തൊട്ടടുത്തുള്ള ധരംശാലയ്ക്ക് അഞ്ച് മത്സരങ്ങള്‍ അനുവദിക്കുകയും ചെയ്ത ബിസിസിഐ തീരുമാനത്തിനെതിരെ പഞ്ചാബ് കായിക മന്ത്രി ഗുര്‍മീത് സിംഗ് പരസ്യമായി രംഗത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് രാജീവ് ശുക്ല മറുപടിയുമായി രംഗത്തെത്തിയത്. സന്നാഹ മത്സരങ്ങള്‍ അടക്കം 12 വേദികളാണ് ലോകകപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മുമ്പൊന്നുമില്ലാത്ത തരത്തിലാണ് ഇത്തവണ വേദികള്‍ തെരഞ്ഞെടുത്തതെന്നും പരമാവധി വേദികള്‍ ഉള്‍പ്പെടുത്താന്‍ ഇത്തവണ ശ്രമിച്ചിരുന്നുവെന്നും രാജീവ് ശുക്ല പറഞ്ഞു. സൗത്ത് സോണില്‍ നിന്ന് നാലു വേദികളും സെന്‍ട്രല്‍ സോണില്‍ നിന്ന് ഒരു വേദിയും വെസ്റ്റ് സോണില്‍ നിന്നും നോര്‍ത്ത് സോണില്‍  രണ്ട് വേദികള്‍ വീതമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

നോര്‍ത്ത് സോണില്‍ നിന്ന് ഡല്‍ഹിയെയും ധരംശാലയെയുമാണ് വേദികളായി തെരഞ്ഞെടുത്തിരിക്കുന്നത്. മൊഹാലിയെ ബോധപൂര്‍വം ഒഴിവാക്കിയതല്ല. വിരാട് കോലിയുടെ 100-ാം ടെസ്റ്റിന് വേദിയായത് മൊഹാലിയായിരുന്നു. പഞ്ചാബിലെ മുല്ലാന്‍പൂര്‍ സ്റ്റേഡിയത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായിരുന്നെങ്കില്‍ പഞ്ചാബിനും ഇത്തവണ ലോകകപ്പ് വേദി ലഭിക്കുമായിരുന്നു. നിലവിലെ മൊഹാലി സ്റ്റേഡിയത്തിന് ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാവാനുള്ള നിലവാരമില്ല.അതുകൊണ്ടാണ് ഐസിസി ഐനുമതി നിഷേധിച്ചത്. അതിനര്‍ത്ഥം മൊഹാലിയില്‍ ഇനി മത്സരങ്ങള്‍ നടത്തില്ല എന്നല്ല, ദ്വിരാഷ്ട്ര പരമ്പരകള്‍ ഇനിയും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ മൊഹാലിക്ക് അനുവദിക്കും. അതല്ലാതെ വേദികള്‍ ബോധപൂര്‍വം ഒഴിവാക്കുകയോ തെരഞ്ഞെടുക്കുകയോ ചെയ്തിട്ടില്ലെന്നും രാജീവ് ശുക്ല പറഞ്ഞു.

വേദികള്‍ അനുവദിക്കുമ്പോള്‍ ഐസിസിയുടെ അന്തിമ അനുമതിയാണ് പ്രധാനം. തിരുവനന്തപുരത്തിനും ഗുവാഹത്തിക്കും ആദ്യമായി ലോകകപ്പ് സന്നാഹ മത്സരം അനുവദിച്ചിട്ടുണ്ട്. അതില്‍ നിന്നു തന്നെ ഏതെങ്കിലും സോണിനെ ഒഴിവാക്കിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് വ്യക്തമാവും. ഒരുപാട് മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് ലോകകപ്പ് വേദി അനുവദിക്കുന്നത്.

ഇനി സഞ്ജുവിന്റെ കാലം! സീനിയേഴ്സ് പുറത്തിരിക്കും; ഇന്ത്യന്‍ ടീം അയര്‍ലന്‍ഡിലേക്ക്, മത്സരക്രമം അറിയാം

ഇത്തവണ ലോകകപ്പിനായി പുതിയ വേദികളും പരിഗണിച്ചിരുന്നു. ഏതൊക്കെ വേദികള്‍ സമര്‍പ്പിച്ചാലും ഐസിസിയുടെ അന്തിമ അനുമതി ലഭിക്കുകയാണ് പ്രധാനം. അത് ഞങ്ങളുടെ കൈയിലുള്ള കാര്യമല്ല. വിമര്‍ശനം ഉയര്‍ത്തുന്നവര്‍ ഐസിസിയാണ് വേദികള്‍ക്ക് അന്തിമ അനുമതി നല്‍കുന്നത് എന്ന് മനസിലാക്കണം. ഇത്തവണ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പോടെ ഏകദിനങ്ങള്‍ക്ക് തന്നെ പുതിയ ഉണര്‍വ് ലഭിക്കുമെന്നാണ് കരുതുന്നതെന്നും രാജിവ് ശുക്ല പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സെക്കൻഡിൽ മറിഞ്ഞത് കോടികൾ! ഐപിഎൽ മിനി ലേലത്തിന്റെ ചരിത്രത്തിലെ മിന്നും താരങ്ങൾ ഇവരാണ്
പതിരാനക്കായി വാശിയേറിയ ലേലം വിളിയുമായി ലക്നൗവും ഡല്‍ഹിയും, ആന്‍റി ക്ലൈമാക്സില്‍ കൊല്‍ക്കത്തയുടെ മാസ് എന്‍ട്രി