
ലക്നോ: ഇന്ത്യക്കെതിരായ ടി20, ഏകദിന പരമ്പരകള്‍ക്ക് ഒരുങ്ങുന്ന വെസ്റ്റ് ഇന്‍ഡീസിന് കനത്ത തിരിച്ചടി. വെടിക്കെട്ട് ബാറ്റ്സ്മാന്‍ ആന്ദ്രെ റസലിനെ വിന്‍ഡീസ് ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയില്ല. റസലിനെ ഒഴിവാക്കിയ കാര്യം വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. അടുത്തിടെ അബുദാബിയില്‍ നടന്ന ടി10 ലീഗില്‍ റസല്‍ കളിച്ചിരുന്നു. പരിക്കൊന്നും ഇല്ലാതിരുന്നിട്ടും റസലിനെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്നൊഴിവാക്കിയത് ആരാധകരെ ഞെട്ടിച്ചു.
രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച മുന്‍ നായകന്‍ ഡ്വയിന്‍ ബ്രാവോയെയും വിന്‍ഡീസ് ടി20 പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിച്ചില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി റസലും ചെന്നൈക്കായി ബ്രാവോയും തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാറുള്ള പശ്ചാത്തലത്തില്‍ ഇരുവരുടെയും അഭാവം വിന്‍ഡീസിന് കനത്ത തിരച്ചടിയാണ്. വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്‌ലും ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിലില്ല.
ദക്ഷിണാഫ്രിക്കയിലെ ടി20 ലീഗില്‍ കളിച്ച ഗെയ്ല്‍ വിശ്രമം ആവശ്യപ്പെട്ടതിനാലാണ് ടി20 ടീമിലേക്ക് പരിഗണിക്കാതിരുന്നത്. ഡിസംബര്‍ ആറിന് ഹൈദരാബാദിലാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം മത്സരം തിരുവനന്തപുരത്തും മൂന്നാം മത്സരം മുംബൈയിലും നടക്കും. റസലാട്ടം കാണാന്‍ കാത്തിരുന്ന മലയാളികളെയും നിരാശരാക്കുന്നതായി വിന്‍ഡീസ് സെലക്ടര്‍മാരുടെ നടപടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!