കളിക്കാന്‍ തയ്യാറായിട്ടും സഞ്ജുവിനെ ഉള്‍പ്പെടുത്തിയില്ല! വിജയ് ഹസാരെയില്‍ ദില്ലിക്കെതിരെ കേരളത്തിന് ടോസ്

Published : Dec 28, 2024, 09:14 AM IST
കളിക്കാന്‍ തയ്യാറായിട്ടും സഞ്ജുവിനെ ഉള്‍പ്പെടുത്തിയില്ല! വിജയ് ഹസാരെയില്‍ ദില്ലിക്കെതിരെ കേരളത്തിന് ടോസ്

Synopsis

ഈ മാസം ആദ്യം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തെ നയിച്ച സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളാ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഹൈദാരാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ദില്ലിക്കെതിരായ മത്സരത്തില്‍ കേരളം പന്തെടുക്കും. ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സല്‍മാന്‍ നിസാര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നും സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങുന്നത്. സഞ്ജു കളിക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും അദ്ദേഹം ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. ഒരു മാറ്റവുമായിട്ടാണ് കേരളം ഇറങ്ങുന്നത്. ബേസില്‍ തമ്പി ടീമില്‍ തിരിച്ചെത്തി. നിതീഷ് എം ഡിയാണ് പുറത്തായത്. കേരളത്തിന്റെ മൂന്നാം മത്സരമാണിത്. ബോറഡയ്‌ക്കെതിരെ ആദ്യ മത്സരം കേരളം തോറ്റിരുന്നു. മധ്യ പ്രദേശിനെതിരെ രണ്ടാം മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

കേരളം: സല്‍മാന്‍ നിസാര്‍ (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്‍, മുഹമ്മദ് അസറുദ്ദീന്‍, ജലജ് സക്‌സേന, ഷോണ്‍ റോജര്‍, ഷറഫുദീന്‍, ബേസില്‍ തമ്പി, ആദിത്യ സര്‍വാതെ, അബ്ദുള്‍ ബാസിത്, ബേസില്‍ എന്‍ പി.

ദില്ലി: ആയുഷ് ബദോനി, സനത് സാങ്‌വാന്‍, സാര്‍ത്ഥക് രഞ്ജന്‍, ഹിമ്മത് സിംഗ്, ആയുഷ് ദൊസേജ, അനുജ് റാവത്ത്, ഹൃതിക് ഷൊകീന്‍, സുമിത് മാധുര്‍, ഇശാന്ത് ശര്‍മ, അഖില്‍ ചൗധരി, ഹിമ്മത് സിംഗ്.

'താഴത്തില്ലെടാ'! അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ പുഷ്പ സ്റ്റൈല്‍ ആഘോഷവുമായി നിതീഷ്

സഞ്ജുവിന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്നുള്ള കാര്യത്തില്‍ വ്യക്തയില്ല. ഈ മാസം ആദ്യം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തെ നയിച്ച സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളാ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഡിസംബര്‍ 13 മുതല്‍ 17 വരെ വയനാട്ടില്‍ നടന്ന പരിശീലന ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്നാണ് 15 അംഗ ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതെന്ന് കെസിഎ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു

ക്രിസ്മസ് അവധിക്ക് ശേഷം സഞ്ജു ടീമിനൊപ്പം ചേരുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെ താരത്തിന്റെ മുട്ടുകാലിന് പരിക്കാണെന്നുള്ള വിവരങ്ങളും പുറത്തുവന്നു. അതിനെല്ലാം പിന്നാലെയാണ് സഞ്ജു തയ്യാറാണെന്ന് അറിയിച്ചത്. എന്നാല്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തണമോ എന്നുള്ള കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തെ കുറിച്ച് മുമ്പ് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിനോദ് പറഞ്ഞതിങ്ങനെ... ''ക്യാംപില്‍ പങ്കെടുക്കാനാവില്ലെന്ന് കാണിച്ച് സഞ്ജു ഇമെയില്‍ അയച്ചിരുന്നു. വയനാട്ടില്‍ നടന്ന ക്യാംപില്‍ സഞ്ജു ഉണ്ടായിരുന്നില്ല. സ്വാഭാവികമായും പരിശീലനത്തിന്റെ ഭാഗമായവരെ മാത്രമേ ഞങ്ങള്‍ ടീമിലേക്ക് പരിഗണിച്ചിട്ടുള്ളൂ. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.'' വിനോദ് പറഞ്ഞു.

ഇതിനിടെയാണ് ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് താനുണ്ടാവുമെന്ന് അറിയിച്ച് സഞ്ജു വീണ്ടും സന്ദേശമയച്ചത്. അദ്ദേഹത്തെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് കെസിഎ ഇതുവരെയും തീരുമാനമെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

PREV
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല