റാഞ്ചിയില്‍ കളി കാണാന്‍ ആളില്ല; നിര്‍ണായക നിര്‍ദേശവുമായി കോലി

By Web TeamFirst Published Oct 22, 2019, 5:04 PM IST
Highlights

ഓസ്ട്രേലിയയിലേതുപോലെ ഇന്ത്യയിലും പ്രധാന ടെസ്റ്റ് വേദികളുടെ എണ്ണം അഞ്ചെണ്ണമായി പരിമിതപ്പെടുത്തണമെന്ന് കോലി പറഞ്ഞു. പ്രമുഖ ടീമുകളുമായുള്ള പരമ്പരകളില്‍ ഈ വേദികള്‍ ടെസ്റ്റിനായി പരിഗണിക്കണം.

റാഞ്ചി: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ധോണിയുടെ സ്വന്തം നാടായ റാഞ്ചിയില്‍ തണുപ്പന്‍ സ്വീകരണമാണ് ലഭിച്ചത്. ഒഴിഞ്ഞ ഗ്യാലറികളെ സാക്ഷിനിര്‍ത്തിയായിരുന്നു ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് പരമ്പര തൂത്തൂവാരിയത്. കാണികളുടെ തണുപ്പന്‍ പ്രതികരണത്തെക്കുറിച്ച് മത്സരശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പ്രതികരിച്ചു.

ഓസ്ട്രേലിയയിലേതുപോലെ ഇന്ത്യയിലും പ്രധാന ടെസ്റ്റ് വേദികളുടെ എണ്ണം അഞ്ചെണ്ണമായി പരിമിതപ്പെടുത്തണമെന്ന് കോലി പറഞ്ഞു. പ്രമുഖ ടീമുകളുമായുള്ള പരമ്പരകളില്‍ ഈ വേദികള്‍ ടെസ്റ്റിനായി പരിഗണിക്കണം. ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിട്ട് ഒരുപാട് നാളായി. ടെസ്റ്റ് ക്രിക്കറ്റിനെ നിലനിര്‍ത്തണമെങ്കില്‍ ഈ നിര്‍ദേശം നടപ്പിലാക്കേണ്ടിവരും. മെല്‍ബണ്‍, സിഡ്നി, പെര്‍ത്ത്, ബ്രിസ്ബേന്‍, അഡ്‌ലെയ്‌ഡ് എന്നിങ്ങനെ ഓസ്ട്രേലിയയില്‍ അഞ്ച് പ്രധാന ടെസ്റ്റ് വേദികളാണുള്ളത്.

ഇംഗ്ലണ്ടിലും സമാനമായി പ്രധാനമായും ഏഴ് ടെസ്റ്റ് വേദികളില്‍ മാത്രമാണ് മത്സരം നടക്കാറുള്ളത്. നിലവില്‍ ബിസിസിഐ റൊട്ടേഷന്‍ സമ്പ്രദായം അനുസരിച്ചാണ് ടെസ്റ്റ് വേദികള്‍ അനുവദിക്കുന്നത്. എന്നാല്‍ ഏകദിനത്തിന്റെയും ടി20യുടെയും കാര്യത്തില്‍ ഇത് അനുസരിച്ച് വേദികള്‍ അനുവദിക്കുന്നതില്‍ തെറ്റില്ല. ടെസ്റ്റിലും ഇത്തരത്തില്‍ വേദികള്‍ അനുവദിച്ചാല്‍ അത് ഫലപ്രദമാവില്ല.

ഇന്ത്യയില്‍ ടെസ്റ്റ് കളിക്കാനെത്തുന്നവര്‍ക്ക്  വ്യക്തമായ ധാരണയുണ്ടാവണം, അവര്‍ എവിടെയൊക്കെയാകും ടെസ്റ്റ് കളിക്കാന്‍ പോകുന്നതെന്നും അവിടെ ഏതു തരം പിച്ചുകളും കാണികളുമാകും ഉണ്ടാകുകയെന്നും. വിദേശ പരമ്പരകളില്‍ കളിക്കുമ്പോള്‍ ഇന്ത്യന്‍ ടീം നേരിടുന്ന പ്രധാന വെല്ലുവിളിയും ഇതുതന്നെയാണ്. കാരണം നമുക്ക് കൃത്യമായി അറിയാം, ഏത് തരം പിച്ചിലാണ് കളിക്കാന്‍ പോകുന്നതെന്നും അവിടെ ഏത് തരം കാണികളാണ് ഉണ്ടാകുകയെന്നും. ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയും മാതൃകയില്‍ ഈ മാതൃക ഇന്ത്യയിലും നടപ്പാക്കുന്നത് നല്ലതായിരിക്കുമെന്നും കോലി പറഞ്ഞു.

click me!