ഏകദിനശൈലിയില്‍ അര്‍ധ സെഞ്ചുറി; റെക്കോര്‍ഡ് ബുക്കില്‍ സച്ചിന് പിന്നിലെത്തി പൃഥ്വി ഷാ

By Web TeamFirst Published Feb 29, 2020, 9:14 AM IST
Highlights

ക്രൈസ്റ്റ്‌ചര്‍ച്ചില്‍ ഫിഫ്റ്റി നേടിയതോടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള താരങ്ങളുള്ള പട്ടികയില്‍ ഇടംപിടിക്കാന്‍ പൃഥ്വി ഷാക്കായി

ക്രൈസ്റ്റ്‌ചര്‍ച്ച്: ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റില്‍ സഹ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ തുടക്കത്തിലെ നഷ്‌ടപ്പെട്ടിട്ടും അതിവേഗമായിരുന്നു പൃഥ്വി ഷായുടെ സ്‌കോറിംഗ്. പുല്ലുള്ള പിച്ചില്‍ കിവീസ് പേസര്‍മാരെ നിര്‍ഭയം നേരിട്ട ഷാ 61 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതോടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള താരങ്ങളുള്ള പട്ടികയില്‍ ഇടംപിടിക്കാന്‍ പൃഥ്വി ഷാക്കായി. 

ന്യൂസിലന്‍ഡില്‍ ടെസ്റ്റില്‍ അര്‍ധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് പൃഥ്വി ഷാ. 20 വയസും 112 ദിവസവും പ്രായമുള്ളപ്പോഴാണ് പൃഥ്വിയുടെ ഫിഫ്റ്റി. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനാണ് ഇക്കാര്യത്തില്‍ മുന്നില്‍. 1990ല്‍ 16 വയസും 291 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അതുല്‍ വാസന്‍(21 വയസും 336 ദിവസവും), ബ്രിജേഷ് പട്ടേല്‍(23 വയസും 81 ദിവസവും), സന്ദീപ് പാട്ടില്‍(24 വയസും 187 ദിവസും) ആണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍. 

എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് പിന്നാലെ ഷായെ പേസര്‍ കെയ്‌ല്‍ ജമൈസണ്‍ പുറത്താക്കി. സ്ലിപ്പില്‍ ടോം ലാഥമിന്‍റെ തകര്‍പ്പന്‍ ക്യാച്ചിലായിരുന്നു പുറത്താകല്‍. ചാടിയുയര്‍ന്ന് ഒറ്റകൈയില്‍ പന്ത് കുരുക്കുകയായിരുന്നു ലാഥം. 64 പന്തില്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് ഷാ 54 റണ്‍സടിച്ചത്. ടെസ്റ്റില്‍ ഷായുടെ രണ്ടാം അര്‍ധ സെഞ്ചുറിയാണിത്. വെല്ലിംഗ്‌ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 30 റണ്‍സ് മാത്രം നേടിയ ഷാ വിമര്‍ശനം നേരിട്ടിരുന്നു. 

click me!