
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ (NZ vs SA) ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത പരാജയം. ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗ്‌സിനും 276 റണ്‍സിനുമാണ് ആതിഥേയര്‍ ജയിച്ചത്. സ്‌കോര്‍ : ദക്ഷിണാഫ്രിക്ക 95 & 111, ന്യൂസിലന്‍ഡ് 482. മത്സരത്തില്‍ ഒന്നാകെ ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും 58 റണ്‍സെടുക്കുകയും ചെയ്ത മാറ്റ് ഹെന്റിയാണ് മാന്‍ ഓഫ് ദ മാച്ച്.
ന്യൂസിലന്‍ഡിനെ രണ്ടാമതും ബാറ്റിംഗിന് അയക്കണമെങ്കില്‍ 388 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ സന്ദര്‍ശകര്‍ 111ന് പുറത്തായി., അഞ്ച് വിക്കറ്റ് നേടിയ ടിം സൗത്തിയാണ് (Tim Southee) ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഹെന്റി, നീല്‍ വാഗ്നര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. 41 റണ്‍സ് നേടിയ തെംബ ബവൂമയ്ക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായത്. കെയ്ല്‍ വെറെയ്‌ന്നെ 30 റണ്‍സെടുത്ത് പുറത്തായി. നാല് മുന്‍നിര താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി.
ഹെന്റി നിക്കോള്‍സ് (105), ടോം ബ്ലണ്ടല്‍ (96), ഹെന്റി (58) എന്നിവരുടെ പ്രകടനമാണ് രണ്ടാം ഇന്നിംഗ്‌സില്‍ കിവീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വാഗ്നര്‍ (49), കോളിന്‍ ഡി ഗ്രാന്‍ഹോം (45) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ടോം ലാഥം (15), വില്‍ യിംഗ് (8), ഡെവോണ്‍ കോണ്‍വെ (36), ഡാരില്‍ മിച്ചല്‍ (16), കെയ്ല്‍ ജെയ്മിസണ്‍ (15), ടിം സൗത്തി (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഡുവാനെ ഒലിവര്‍ ദക്ഷിണാപ്രിക്കയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഒന്നാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റ് നേടിയ ഹെന്റിയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 25 റണ്‍സ് നേടിയ സുബൈര്‍ ഹംസയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ആറ് താരങ്ങല്‍ രണ്ടക്കം കാണാതെ പുറത്തായി. ഹെന്റിക്ക് പുറമെ സൗത്തി, ജെയ്മിസണ്‍, വാഗ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് മുന്നിലെത്തി. 2004ന് ശേഷം ആദ്യമായിട്ടാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് ജയിക്കുന്നത്.