
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക(NZ vs SA) ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക(South Africa) 198 റണ്‍സ് ജയം സ്വന്തമാക്കി പരമ്പര സ്വന്തമാക്കിയപ്പോള്‍ ആരാധകരില്‍ പലര്‍ക്കും അത് ഒരു സാധാരണ ടെസ്റ്റ് ജയമായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം ഈ ജയം അത്ര സാധാരണമല്ല.
ആദ്യ ടെസ്റ്റില്‍ നാണംകെട്ട തോല്‍വി വഴങ്ങി രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ പരമ്പര നഷ്ടപ്പെടുന്നതിനൊപ്പം 90 വര്‍ഷമായി ദക്ഷിണാഫ്രിക്ക കാത്തുസൂക്ഷിച്ചൊരു റെക്കോര്‍ഡ് ഇത്തവണ ന്യൂസിലന്‍ഡ് തകര്‍ക്കുമോ എന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ ആരാധകരുടെ പ്രധാന ആശങ്ക. എന്നാല്‍ രണ്ടാം ടെസ്റ്റിലെ ഉജ്വല ജയത്തോടെ അത് നിലനിര്‍ത്താനായി എന്നതാണ് പരമ്പര സമനിലയാക്കിയതിനൊപ്പം ഡീന്‍ എല്‍ഗാറെയും സംഘത്തെയും സന്തോഷിപ്പിക്കുന്നത്.
90 വര്‍ഷമായി ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റുമുട്ടുന്നുണ്ട്. ഇതുവരെ ഇരു ടീമുകളും പരസ്പരം 17 ടെസ്റ്റ് പരമ്പരകളില്‍ കളിച്ചു. എന്നാല്‍ ഇതില്‍ നാട്ടിലോ വിദേശത്തോ ഒരു പരമ്പര പോലും സ്വന്തമാക്കാന്‍ ന്യൂസിലന്‍ഡിനായിട്ടില്ല. 1932മുതല്‍ ഇതുവരെ കളിച്ച 17 പരമ്പരകളില്‍ 14 എണ്ണത്തിലും ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍ ഇന്നത്തേത് അടക്കം നാലു പരമ്പരകള്‍ സമനിലയായി.
ഇത്തവണയും ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡില്‍ ടെസ്റ്റ് പരമ്പര കളിക്കാനെത്തിയപ്പോള്‍ ന്യൂസിലന്‍ഡ് ഫേവറൈറ്റുകള്‍ ആയിരുന്നില്ല. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിയും ബംഗ്ലാദേശിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ സമനില വഴങ്ങേണ്ടിവന്നതും അവരുടെ പ്രതീക്ഷ കെടുത്തിയിരുന്നു. മറുവശത്ത് ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരായ പരമ്പരയില്‍ 1-0ന് പിന്നിലായശേഷം രണ്ട് ടെസ്റ്റ് ജയിച്ച് പരമ്പര ജയിച്ചാണ് എത്തിയത്.
എന്നാല്‍ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിംഗ്സിനും 276 റണ്‍സിനും കീഴടക്കി ന്യൂസിലന്‍ഡ് ഞെട്ടിച്ചു. 90 വര്‍ഷം പഴക്കമുള്ള പരമ്പര റെക്കോര്‍ഡ് ഇത്തവണ കിവീസ് തിരുത്തി എഴുതുമെന്ന് ആരാധകര്‍ വിശ്വസിച്ചു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ വീറുറ്റ പോരാട്ടം നടത്തിയ ദക്ഷിണാഫ്രിക്ക അവരുടെ അപരാജിത റെക്കോര്‍ഡ് നിലനിര്‍ത്തി തലയ ഉയര്‍ത്തി മടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!