
ലാഹോര്‍: ബംഗ്ലാദേശിനെതാര ആദ്യ ടി20യില്‍ പാകിസ്ഥാന് 37 റണ്‍സ് ജയം. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. 34 പന്തില്‍ 56 റണ്‍സെടുത്ത സല്‍മാന്‍ അഗയാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് 19.2 ഓവറില്‍ 164ന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ഹസന്‍ അലിയാണ് സന്ദര്‍ശകരെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പാകിസ്ഥാന്‍ 1-0ത്തിന് മുന്നിലെത്തി.
30 പന്തില്‍ 48 റണ്‍സെടുത്ത ലിറ്റണ്‍ ദാസ് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയത്. ജാക്കര്‍ അലി (36), തന്‍സിദ് ഹസന്‍ (31) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 37 റണ്‍സിനിടെ അവര്‍ക്ക് തന്‍സിദ് പര്‍വേസ് ഹുസൈന്‍ ഇമോന്‍ (4), തന്‍സിദ് ഹസന്‍ (31) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് ലിറ്റണ്‍ - തൗഹിദ് ഹൃദോയ് (17) സഖ്യം 63 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ലിറ്റണിന്റെ വിക്കറ്റ് ബംഗ്ലാദേശിന്റെ പ്രതീക്ഷകള്‍ കെടുത്തി. പിന്നാലെ ഹൃദോയ് മടങ്ങി. ജാക്കറിന്റെ ഇന്നിംഗ്‌സ് തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്.
തുടര്‍ന്നെത്തിയ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. ഷമീം ഹുസൈന്‍ (4), റിഷാദ് ഹുസൈന്‍ (4), തന്‍സിം ഹസന്‍ ഷാക്കിബ് (1), മെഹദി ഹസന്‍ (2), ഷൊറിഫുള്‍ ഇസ്ലാം (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹസന്‍ മഹ്മൂദ് (9) പുറത്താവാതെ നിന്നു. നേരത്തെ പാകിസ്ഥാന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. അഞ്ച് റണ്‍സിനിടെ അവര്‍ക്ക് ഓപ്പണര്‍മാരായ ഫഖര്‍ സമാന്‍ (1), സെയിം അയൂബ് (0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് മുഹമ്മദ് ഹാരിസ് (31) - അഗ സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്തു.
തന്‍സിം ഹസനാണ് കൂട്ടുകെട്ട് പൊളിച്ചത്. എങ്കിലും ഹസന്‍ നവാസ് (22 പന്തില്‍ 44), ഷദാബ് ഖാന്‍ (25 പന്തില്‍ 48) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ പാകിസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. ഫഹീം അഷ്‌റഫ് (11), ഹസന്‍ അലി (1) പുറത്താവാതെ നിന്നു.