സമ്മര്‍ദ്ദ തന്ത്രമെല്ലാം പാളി? ലോകകപ്പിനായി ഒടുവിൽ ഇന്ത്യയിലേക്ക്, പാകിസ്ഥാൻ സമ്മതിച്ചെന്ന് റിപ്പോര്‍ട്ട്

Published : May 10, 2023, 03:12 PM IST
സമ്മര്‍ദ്ദ തന്ത്രമെല്ലാം പാളി? ലോകകപ്പിനായി ഒടുവിൽ ഇന്ത്യയിലേക്ക്, പാകിസ്ഥാൻ സമ്മതിച്ചെന്ന് റിപ്പോര്‍ട്ട്

Synopsis

ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാൻ തത്വത്തിൽ സമ്മതിച്ച പിസിബി മേധാവി, മുഖം രക്ഷിക്കാനായി മത്സരങ്ങളുടെ വേദികളിൽ കുറച്ച് മാറ്റങ്ങൾ ആവശ്യപ്പെട്ടതായാണ് ക്രിക് ബസ് റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യ വേദിയൊരുക്കുന്ന ഏകദിന ലോകകപ്പില്‍ പങ്കെടുക്കാൻ പാകിസ്ഥാൻ സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഏഷ്യാ കപ്പുമായി ബന്ധപ്പെട്ട തുടരുന്ന തർക്കവും അനിശ്ചിതത്വവും ഉണ്ടെങ്കിലും ലോകകപ്പില്‍ പാകിസ്ഥാൻ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചതായി ക്രിക് ബസ് ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍, പാകിസ്ഥാൻ ചില ആശങ്കകൾ പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. അഹമ്മദാബാദിൽ ഇന്ത്യക്കെതിരെയുള്ള മത്സരം കളിക്കുന്നതിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ആശങ്കയുള്ളതെന്ന് സൂചന. 

പിസിബി ചെയർമാൻ നജാം സേത്തി കഴിഞ്ഞ ദിവസങ്ങളില്‍ അബുദാബിയിലെ ഐസിസി ഓഫീസ് സന്ദര്‍ശിച്ചിരുന്നു. ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാൻ തത്വത്തിൽ സമ്മതിച്ച പിസിബി മേധാവി, മുഖം രക്ഷിക്കാനായി മത്സരങ്ങളുടെ വേദികളിൽ കുറച്ച് മാറ്റങ്ങൾ ആവശ്യപ്പെട്ടതായാണ് ക്രിക് ബസ് റിപ്പോര്‍ട്ട്. അതേസമയം, ഫൈനലില്‍ എത്തിയാല്‍ അഹമ്മദാബാദില്‍ തന്നെ പാകിസ്ഥാൻ കളിക്കുകയും ചെയ്യും. പുറത്ത് വന്ന വിവരങ്ങള്‍ പ്രകാരം  അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലാണ് പാകിസ്ഥാന് മത്സരങ്ങള്‍ ഉള്ളത്.

സൗത്ത് സോണിലാണ് പാകിസ്ഥാന്‍റെ കൂടുതല്‍ മത്സരങ്ങള്‍ നടക്കുക. ഒക്ടോബര്‍ 15 ഞായറാഴ്ചയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നടക്കുക. അതേസമയം, ഏകദിന ലോകകപ്പിന് വേദിയൊരുക്കുന്ന സ്റ്റേഡിയങ്ങള്‍ സംബന്ധിച്ച് തീരുമാനമായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, കൊല്‍ക്കത്ത, ഡല്‍ഹി, ഇന്‍ഡോര്‍, ധരംശാല, ഗുവാഹത്തി, റായ്പുര്‍, മുംബൈ എന്നിവിടങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക എന്ന ക്രിക്ക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ബിസിസിഐ ഇതുവരെ ഔദ്യോഗികമായി വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

അഹമ്മദാബാദില്‍ ഒക്ടോബര്‍ അഞ്ചിന് ഇംഗ്ലണ്ട് ന്യൂസിലൻഡ് പോരാട്ടത്തോടെയാകും ലോകകപ്പിന് തുടക്കമാവുക. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തന്നെ നവംബര്‍ 19ന് ഫൈനല്‍ മത്സരം നടക്കും. ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ ആണെന്നും ചെന്നൈ ആയിരിക്കും വേദിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ കഴിഞ്ഞാല്‍ ഉടൻ ബിസിസിഐ ഔദ്യോഗികമായി വേദികള്‍ പ്രഖ്യാപിക്കുമെന്നും ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു. 

പണ്ട് അണ്‍സോള്‍ഡ് ആയ അതേ ഹാര്‍ദിക്! വന്ന വഴി മറന്നാൽ, വിമർശനത്തിന് മുംബൈ മറുപടി നൽകുന്നത് ഇവരിലൂടെ...

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ