
ചെന്നൈ: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ നിലവിലെ അവസ്ഥയില്‍ സങ്കടമുണ്ടെന്ന് ഇന്ത്യൻ താരം ആര്‍ ആശ്വിന്‍. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മാന്‍ ഓഫ് ദ് സീരിസായ അശ്വിന്‍ തന്‍റെ യുട്യൂബ് ചാനലിലാണ് പാക് ടീമിന്‍റെ നിലവിലെ അവസ്ഥക്കുള്ള കാരണം വ്യക്തമാക്കിയത്. അടിക്കിടെ ക്യാപ്റ്റനെ മാറ്റുന്നതാണ് പാക് ക്രിക്കറ്റിന്‍റെ നിലവിലെ അവസ്ഥക്ക് കാരണമെന്ന് അശ്വിന്‍ പറഞ്ഞു.
ഞാന്‍ വസ്തുതയാണ് പറയുന്നത്. നിലവിലെ പാക് ക്രിക്കറ്റിന്‍റെ അവസ്ഥ ആലോചിക്കുമ്പോള്‍ ശരിക്കും വിഷമമുണ്ട്. കാരണം, മഹാരഥന്‍മാരായ എത്രയോ ക്രിക്കറ്റ് താരങ്ങള്‍ കളിച്ച ടീമാണത്. ക്രിക്കറ്റ് താരമെന്ന നിലയില്‍ നോക്കിയാലും പാകിസ്ഥാന്‍ മികച്ച ടീമായിരുന്നു. എന്നാല്‍ നിലവിലെ അവരുടെ അവസ്ഥയോ. കഴിവില്ലാത്തതല്ല അവരുടെ പ്രശ്നം. പ്രതിഭാധനരായ നിരവധി താരങ്ങള്‍ അവര്‍ക്കുണ്ട്. എന്നാല്‍ പലപ്പോഴും കസേരകളിയാണ് പാകിസ്ഥാന്‍ ക്രിക്കറ്റിനെ നശിപ്പിക്കുന്നത്.
കസേരകളിയില്‍ കളിക്കാര്‍ക്ക് അവരുടെ കസേര ഉറപ്പിക്കുക എന്നത് മാത്രമാകും ലക്ഷ്യം. അതാണെന്‍റെ വ്യക്തിപരമായ അഭിപ്രായം. 2023ലെ ലോകകപ്പില്‍ അവര്‍ സെമി പോലും എത്താതെ പുറത്തായി. അതിനുശേഷം ബാബര്‍ അസം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു. പിന്നീട് ഷഹീന്‍ അഫ്രീദി ക്യാപ്റ്റനായി. അതിനുശേഷം അഫ്രീദിയെ മാറ്റി ബാബറിനെ വീണ്ടും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നായകനാക്കി. ഷാന്‍ മസൂദിനെ ടെസ്റ്റ് ടീമിന്‍റെയും നായകനാക്കി. എന്നിട്ടോ ഇപ്പോഴത്തെ അവരുടെ അവസ്ഥ നോക്കു.
കഴിഞ്ഞ1000ത്തോളം ദിവസങ്ങളെങ്കിലുമായി അവര്‍ ഒരു ടെസ്റ്റില്‍ ജയിച്ചിട്ട്. അതായത് മൂന്ന് വര്‍ഷം. ടീമിലെ ഈ അപ്രവചനീയ സ്വഭാവം ഓരോ കളിക്കാരെയും അവരുടെ വ്യക്തിഗത താല്‍പര്യത്തിലേക്ക് ചുരുക്കുകയാണ് ചെയ്തത്. ഡ്രസ്സിംഗ് റൂമിലിരിക്കുമ്പോള്‍ പല കളിക്കാരുടെയും മനസില്‍ ഉണ്ടാകുന്ന ചിന്തയും ഇത് തന്നെയായിരിക്കും. എന്‍റെ കളിയില്‍ ശ്രദ്ധിക്കണോ, ടീമിനായി കളിക്കണോ എന്ന്. ആ ചിന്ത വന്നു കഴിഞ്ഞാല്‍ എല്ലാവരും അവരവരുടെ പ്രകടനം മാത്രമെ ശ്രദ്ധിക്കൂ, ടീമിനെ മറക്കുമെന്നും അശ്വിന്‍ പറഞ്ഞു.ഷാന്‍ മസൂദിന്‍റെ നേതൃത്വത്തിലിറങ്ങിയ പാകിസ്ഥാന്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 0-2ന് തോറ്റിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര പരമ്പരയിലാണ് പാകിസ്ഥാന്‍ അടുത്ത് കളിക്കാനിറങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക