
ലാഹോര്‍: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ടീമിന്റെ തോല്‍വിക്ക് കാരണം സീനിയര്‍ താരങ്ങളെന്ന് കുറ്റപ്പെടുത്തി മുന്‍ പാക് താരവും പരിശീലകനുമായ വഖാര്‍ യൂനിസ്. സീനിയര്‍ താരങ്ങള്‍ യഥാസമയം വിരമിക്കാതെ കരിയര്‍ നീട്ടിക്കൊണ്ടുപോയതാണ് പാക് ടീമിന്റെ തോല്‍വിക്ക് കാരണമായതെന്ന് ആരുടെയും പേരെടുത്ത് പറയാകെ വഖാര്‍ കുറ്റപ്പെടുത്തി.
അവസാന നിമിഷം വരെ ലോകകപ്പ് ടീമിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. സീനിയര്‍ താരങ്ങള്‍ വിരമിക്കാതെ അവരുടെ കരിയര്‍ നീട്ടിയെടുക്കുകയായിരുന്നു. അവരോട് മാന്യമായി വിരമിക്കാന്‍ ആരും പറഞ്ഞില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതു തന്നെയാണ് സംഭവിക്കുന്നത്. വലിയ ടൂര്‍ണമെന്റുകള്‍ വരുമ്പോള്‍ തോല്‍ക്കുമെന്ന് ഭയന്ന് സീനിയര്‍ താരങ്ങളെ ടീമിലെടുക്കും.
ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ പോലും പാക്കിസ്ഥാന്‍ കഷ്ടപ്പെട്ടാണ് ജയിച്ചത്. ടീം സെലക്ഷനിലും ഫിറ്റ്നെസിലും സീനിയോറിറ്റിയിലുമെല്ലാം വിട്ടുവീഴ്ച ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും വഖാര്‍ കുറ്റപ്പെടുത്തി.
പേരെടുത്ത് പറഞ്ഞില്ലെങ്കിലും മുഹമ്മദ് ഹഫീസ്, ഷൊയൈബ് മാലിക് എന്നീ സീനിയര്‍ താരങ്ങളെയാണ് വഖാര്‍ കുറ്റപ്പെടുത്തിയതെന്നാണ് വിലയിരുത്തല്‍. ലോകകപ്പില്‍ തോല്‍വിയോടെ തുടങ്ങിയ പാക്കിസ്ഥാന്‍ അവസാന നാലു മത്സരങ്ങളില്‍ ജയിച്ചെങ്കിലും റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ സെമി സ്ഥാനം നഷ്ടമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!