
ദുബായ്: മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ ടൂർണമെന്റിന്റെ പാനലിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പാകിസ്ഥാൻ പിന്മാറാൻ സാധ്യതയെന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി മുന്നറിയിപ്പ് നൽകി. നടപടിയില്ലെങ്കില്‍ ബുധനാഴ്ചത്തെ മത്സരത്തില്‍ നിന്ന് പിന്മാറുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച വൈകുന്നേരം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിൽ ഹസ്തദാനം ചെയ്യാതെ ടീം ഇന്ത്യ മടങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് പിന്നാലെയാണ് പിന്മാറുമെന്ന പാകിസ്ഥാന്റെ ഭീഷണി. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ (ഐസിസി) ഔദ്യോഗികമായി പരാതി നൽകിയതോടെ വിവാദം കനത്തു.
ഐസിസി പെരുമാറ്റച്ചട്ടവും എംസിസി നിയമങ്ങളും ലംഘിച്ചുവെന്നാരോപിച്ച് മാച്ച് റഫറിയെ ഉടൻ നീക്കം ചെയ്യണമെന്ന് പിസിബി ആവശ്യപ്പെട്ടതായി നഖ്‌വി തിങ്കളാഴ്ച അറിയിച്ചു. ഐസിസി പെരുമാറ്റച്ചട്ടവും ക്രിക്കറ്റ് സ്പിരിറ്റുമായി ബന്ധപ്പെട്ട എംസിസി നിയമങ്ങളും മാച്ച് റഫറി ലംഘിച്ചതായി പിസിബി ഐസിസിക്ക് പരാതി നൽകിയിട്ടുണ്ട്. ഏഷ്യാ കപ്പിൽ നിന്ന് മാച്ച് റഫറിയെ ഉടൻ നീക്കം ചെയ്യണമെന്ന് പിസിബി ആവശ്യപ്പെട്ടുവെന്നും അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു.
ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് സമയത്ത് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പതിവ് ഹസ്തദാനം ഒഴിവാക്കിയിരുന്നു. പിസിബിയുടെ ആരോപണമനുസരിച്ച് സൽമാന് കൈ കൊടുക്കുന്നത് ഒഴിവാക്കാൻ പൈക്രോഫ്റ്റ് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. ടോസ് സമയത്ത് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ക്യാപ്റ്റൻ സൽമാൻ അലി ആഘയോട് ഇന്ത്യൻ ക്യാപ്റ്റൻ സൽമാന് കൈ കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ പെരുമാറ്റം കായിക മനോഭാവത്തിന് എതിരാണെന്ന് ആരോപിച്ച് പാകിസ്ഥാൻ ടീം മാനേജ്മെന്റ് പ്രതിഷേധം രേഖപ്പെടുത്തിയെന്നും ബോർഡ് പറഞ്ഞു.
ഇന്ത്യയുടെ ഏഴ് വിക്കറ്റ് വിജയത്തിനുശേഷം സൂര്യകുമാർ യാദവും ശിവം ദുബെയും പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാതെ മടങ്ങി. സംഭവത്തിൽ പാകിസ്ഥാൻ പരിശീലകൻ മൈക്ക് ഹെസ്സൻ നിരാശ പ്രകടിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച്, ക്യാപ്റ്റൻ സൽമാൻ അലി ആഗ സമ്മാനദാന ചടങ്ങിൽ നിന്ന് വിട്ടുനിന്നു. പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളോടും സേനയോടുമുള്ള ഇന്ത്യയുടെ ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് ഹസ്തദാനത്തിൽ നിന്ന് വിട്ടുനിന്നതെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!